വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ. Photo: X@BCCI

മുംബൈ ∙ മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ന്യൂസീലൻഡ് 235 റൺസിനു പുറത്ത്. സ്പിന്നർമാരായ രവീന്ദ്ര ജഡേജയും വാഷിങ്ടൻ സുന്ദറും തകർത്തെറിഞ്ഞപ്പോൾ 65.4 ഓവറിൽ കിവീസ് ഓൾഔട്ടായി. രവീന്ദ്ര ജഡേജ ആദ്യ ഇന്നിങ്സിൽ അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. വാഷിങ്ടന്‍ സുന്ദർ നാലു വിക്കറ്റുകളും സ്വന്തമാക്കി.

129 പന്തിൽ 82 റൺസെടുത്ത ‍ഡാരിൽ മിച്ചലാണ് കിവീസിന്റെ ടോപ് സ്കോറർ. വിൽ യങ്ങും (138 പന്തിൽ 71) അർധ സെഞ്ചറി തികച്ചു. ഡെവോൺ കോൺവെ (11 പന്തിൽ നാല്), ടോം ലാഥം (44 പന്തിൽ 28), രചിൻ രവീന്ദ്ര (12 പന്തിൽ അഞ്ച്), ടോം ബ്ലണ്ടൽ (പൂജ്യം), ഗ്ലെൻ ഫിലിപ്സ് (28 പന്തിൽ 17), ഇഷ് സോധി (19 പന്തിൽ ഏഴ്), മാറ്റ് ഹെന്‍റി (പൂജ്യം), അജാസ് പട്ടേൽ (16 പന്തിൽ ഏഴ്) എന്നിങ്ങനെയാണ് മറ്റ് ന്യൂസീലൻഡ് താരങ്ങളുടെ സ്കോറുകൾ.

72 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും വിൽ യങ് കിവീസിന്റെ രക്ഷകനാകുകയായിരുന്നു. 28.1 ഓവറിൽ ന്യൂസീലൻഡ് 100 പിന്നിട്ടു. വിൽ യങ്ങിന്റെ പുറത്താകലിനു പിന്നാലെ അർധ സെഞ്ചറി തികച്ച് ഡാരിൽ മിച്ചലും അവസരത്തിനൊത്ത് ഉയർന്നു. വാലറ്റം പ്രതിരോധങ്ങളില്ലാതെ കീഴടങ്ങിയതോടെ ന്യൂസീലൻഡ് ചെറിയ സ്കോറിൽ ഒതുങ്ങുകയായിരുന്നു.

ആദ്യ രണ്ടു കളികളും ജയിച്ച ന്യൂസീലൻഡ് നേരത്തേ പരമ്പര ഉറപ്പിച്ചിരുന്നു. അവസാന മത്സരം പിടിച്ച് വൈറ്റ് വാഷ് ഒഴിവാക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇന്ത്യൻ നിരയിൽ പ്രതീക്ഷിച്ചിരുന്നതുപോലെ ജസ്പ്രീത് ബുമ്രയ്‌ക്ക് വിശ്രമം അനുവദിച്ചു. മുഹമ്മദ് സിറാജാണ് പകരക്കാരൻ.

കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയെ ‘കറക്കി വീഴ്ത്തിയ’ മിച്ചൽ സാന്റ്നർ ഈ മത്സരത്തിൽ കളിക്കുന്നില്ല. പരുക്കിന്റെ പിടിയിലായ സാന്റനറിനു പകരം ഇഷ് സോധി കളിക്കും. ടിം സൗത്തിക്ക് വിശ്രമം അനുവദിച്ച് മാറ്റ് ഹെൻറിക്കും ന്യൂസീലൻഡ് അവസരം നൽകി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായി. 18 പന്തിൽ 18 റൺസ് ആയിരുന്നു രോഹിത്തിന്റെ സംഭാവന. മാറ്റ് ഹെൻട്രിയുടെ പന്തിൽ ടോം ലാതത്തിനു ക്യാച്ച് നൽകിയായിരുന്നു രോഹിത്തിന്റെ മടക്കം. 9 ഓവർ പിന്നിട്ടപ്പോൾ ഇന്ത്യ 35 ന് 1 എന്ന നിലയിലാണ്. 31 പന്തിൽ 11 റൺസെടുത്ത ജൈസ്വാളും 11 പന്തിൽ 5 റൺസെടുത്ത ഗില്ലും ആണ് ക്രീസിൽ.