വിരാട് കോലി റണ്ണൗട്ടായപ്പോൾ | Photo: AP

മുംബൈ : ന്യൂസീലന്‍ഡിനെതിരായ പരമ്പരയിലെ അവസാനമത്സരത്തില്‍ ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റിന് 86 എന്ന നിലയില്‍. 38 പന്തില്‍ 31 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും ഒരുപന്തില്‍ ഒരു റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസിലുള്ളത്.

ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാള്‍ 52 പന്തില്‍ 30 റണ്‍സും രോഹിത് ശര്‍മ 18 പന്തില്‍ 18 റണ്‍സും നേടി. യശസ്വി നാലും രോഹിത് മൂന്നും വീതം ഫോറുകള്‍ നേടി.നൈറ്റ് വാച്ച്മാനായെത്തിയ മുഹമ്മദ് സിറാജ് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. ആറുപന്തില്‍ ഒരു ഫോര്‍ അടക്കം നാലു റണ്‍സ് മാത്രം നേടിയ വിരാട് കോലിയുടെ പുറത്താകല്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശയായി. അനാവശ്യ റണ്ണിനോടി കോലി റണ്ണൗട്ടായി. നിലയുറപ്പിച്ച ജയ്‌സ്വാളാകട്ടെ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച് ബൗള്‍ഡാകുകയായിരുന്നു. ഒരു വിക്കറ്റിന് 78 എന്ന നിലയില്‍ നിന്നാണ് അവസാന ഓവറുകളില്‍ വിക്കറ്റ് മൂന്നെണ്ണം നഷ്ടപ്പെടുത്തിയത്.

മാറ്റ് ഹെന്റി, വില്ലി ഓ റൗക്കെ, അജാസ് പട്ടേല്‍ എന്നിവര്‍ ന്യൂസീലന്‍ഡിനുവേണ്ടി ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് 235-ന് ഓള്‍ ഔട്ടായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി രവീന്ദ്ര ജഡേജ അഞ്ചും വാഷിങ്ടണ്‍ സുന്ദര്‍ നാലും വിക്കറ്റുവീഴ്ത്തി.

ഡാരില്‍ മിച്ചലും വില്‍ യങ്ങുമാണ് ന്യൂസീലന്‍ഡ് നിരയില്‍ ടോപ് സ്‌കോറര്‍മാര്‍. 129 പന്തുകള്‍ നേരിട്ട മിച്ചല്‍ മൂന്നുഫോറും മൂന്നു സിക്സുമടക്കം 82 റണ്‍സ് നേടി. 138 പന്തില്‍നിന്ന് 71 റണ്‍സ് നേടിയ വില്‍ യങ് നാലു ഫോറും രണ്ട് സിക്സും നേടി.

ടോസ് നേടി ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാതം ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായി പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ മുഹമ്മദ് സിറാജ് ആദ്യ ഇലവനില്‍ ഇടംനേടിയിട്ടുണ്ട്. ടീമില്‍ മറ്റു മാറ്റങ്ങളില്ല. ന്യൂസീലന്‍ഡ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. മിച്ച് സാന്റ്നെറും ടിം സൗത്തിയും ഇല്ല. പകരം മാറ്റ് ഹെന്റിയേയും ഇഷ് സോധിയും ടീമിലിടം നേടിയിട്ടുണ്ട്.

മൂന്നാം മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യന്‍ ടീമിനുമുന്നില്‍ രണ്ട് ലക്ഷ്യങ്ങളാണുള്ളത്. സ്വന്തം മണ്ണില്‍ സമ്പൂര്‍ണ തോല്‍വി ഒഴിവാക്കുക, ജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ സാധ്യത നിലനിര്‍ത്തുക എന്നതാണ്. പരമ്പര ഇതിനകം കിവീസ് നേടിയിട്ടുണ്ട് (20). 2000ത്തിലാണ് ഇന്ത്യ അവസാനമായി നാട്ടില്‍ പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയത്. അന്ന് ദക്ഷിണാഫ്രിക്ക രണ്ട് ടെസ്റ്റുകളിലും ഇന്ത്യയെ തോല്‍പ്പിച്ചു.