ലഹർ സിങ് സിറോയ, ഇ.ഡി. റിപ്പോർട്ട്
കൊച്ചി : കൊടകരയിലെ കുഴല്‍പ്പണത്തിന്റെ ഉറവിടമെന്ന് കരുതപ്പെടുന്ന ബി.ജെ.പി. നേതാവായ ഉന്നതന്റെ പേര് പുറത്ത്. കര്‍ണാടക എം.എല്‍.സിയായിരുന്ന ലഹര്‍ സിങ്ങാണ് കടത്തിന് പിന്നിലെന്നാണ് കേരളാ പോലീസിന്റെ റിപ്പോര്‍ട്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) നല്‍കിയ റിപ്പോര്‍ട്ടിലാണ് ലഹര്‍ സിങ്ങിന്റെ പേരുള്ളത്.
കേരളത്തിലേക്ക് അനധികൃതമായി പണം കടത്തിയതില്‍ സിറ്റിങ് എം.എല്‍.സിയായ ലഹര്‍ സിങ്ങിന് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. ലഹര്‍ സിങ്ങിന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ടിലുണ്ട്. 2021-ലെ തിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിക്ക് കേരളത്തില്‍ ചെലവഴിക്കാനുള്ളതാണ് പണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബി.ജെ.പിയുടെ ദേശീയ നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് ലഹര്‍ സിങ്.
2010 മുതല്‍ 2022 വരെ എം.എല്‍.സിയായിരുന്നു ലഹര്‍ സിങ്. കര്‍ണാടക സര്‍ക്കാരിന് കീഴിലുള്ള കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്മെന്റ് ബോര്‍ഡിന്റെ ഭൂമി എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിന് കൈമാറിയെന്ന ആരോപണവുമായി ലഹര്‍ സിങ് അടുത്തിടെ രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലേക്ക് ഒഴുകിയത് 41.20 കോടി രൂപയാണെന്ന റിപ്പോര്‍ട്ടിലെ വിവരം നേരത്തെ പുറത്തുവന്നിരുന്നു. കെ. സുരേന്ദ്രന്‍, എം. ഗണേഷ്, ഗിരീശന്‍ നായര്‍ എന്നിങ്ങനെ കേരള നേതാക്കളുടെ പേരും റിപ്പോര്‍ട്ടിലുണ്ട്.
