പ്രതീകാത്മക ചിത്രം
ബാംഗ്ലൂർ : കസവനഹള്ളിയിൽ കാർ തടഞ്ഞുനിർത്തി മലയാളി കുടുംബത്തെ ആക്രമിച്ച സംഭവത്തിൽ 5 വയസ്സുകാരനു പരുക്കേറ്റു. ഐടി മേഖലയിൽ ജോലി ചെയ്യുന്ന, ചിക്കനായകനഹള്ളി അസ്ട്രോ ഗ്രീൻ കാസ്കേഡ് ലേഔട്ടിൽ താമസിക്കുന്ന അനൂപ് ജോർജിനും കുടുംബത്തിനും നേരെയാണു ബുധനാഴ്ച രാത്രി ആക്രമണമുണ്ടായത്. അനൂപിന്റെ മകൻ സ്റ്റീവിന്റെ തലയ്ക്കാണു പരുക്കേറ്റത്. ഷോപ്പിങ്ങിനു ശേഷം താമസസ്ഥലത്തേക്കു മടങ്ങവേ, കസവനഹള്ളി ചൂഡസന്ദ്രയിൽ വച്ചാണ് ബൈക്കിലെത്തിയ 2 പേർ കാർ തടഞ്ഞത്. അനൂപിനെ കൂടാതെ ഭാര്യ ജിസ്, മക്കളായ സ്റ്റീവ്, സെലസ്റ്റ എന്നിവരാണു കാറിലുണ്ടായിരുന്നത്.
അപരിചിതർ ഗ്ലാസ് താഴ്ത്താൻ ആവശ്യപ്പെട്ടതിൽ സംശയം തോന്നിയ അനൂപ് കാർ മുന്നോട്ടെടുകയായിരുന്നു. ഇതോടെ സംഘത്തിലെ ഒരാൾ കാറിന്റെ പിൻഗ്ലാസിലേക്കു കല്ലെറിഞ്ഞു. ഗ്ലാസ് ചീളുകൾ തെറിച്ചാണു സ്റ്റീവിനു പരുക്കേറ്റത്. അനൂപിന്റെ പരാതിയിൽ പാരപ്പന അഗ്രഹാര പൊലീസ് കേസെടുത്തിട്ടുണ്ട്. സംഘത്തിലെ ഒരാളെ പൊലീസ് രാത്രി കസ്റ്റഡിയിലെടുത്തു. രണ്ടാമൻ ഒളിവിലാണ്.
