കേന്ദ്രമന്ത്രി സുരേഷ് ഗോപി
തൃശൂർ ∙ പൂര നഗരിയിലെത്തിയത് ആംബുലൻസിൽ കയറിയെന്ന് സമ്മതിച്ച് സുരേഷ് ഗോപി. കാലിനു വയ്യായിരുന്നു, ആളുകൾക്കിടയിലൂടെ നടക്കാൻ സാധിക്കില്ലായിരുന്നു. രാഷ്ട്രീയമില്ലാത്ത ചെറുപ്പക്കാർ എടുത്താണ് ആംബുലൻസിൽ കയറ്റിയതെന്നും സുരേഷ് ഗോപി പറഞ്ഞു. 15 ദിവസം കാൽ ഇഴച്ചാണ് നടന്നത്. കാന കടക്കാൻ സഹായിച്ചത് ഒരു രാഷ്ട്രീയവും ഇല്ലാത്ത യുവാക്കൾ ആയിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ആരുടേയും അച്ഛനു വിളിച്ചിട്ടില്ല. വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ല. പൂരം കലക്കലിൽ ഇവർക്ക് ചങ്കൂറ്റം ഉണ്ടോ സിബിഐയെ വിളിക്കാനെന്നും സുരേഷ് ഗോപി ചോദിച്ചു.
തൃശൂർ പൂരം കലക്കലിൽ എന്ത് വേണമെങ്കിലും ചെയ്യട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലെ ജനങ്ങൾ വോട്ട് ചെയ്തതിനു കാരണം കരുവന്നൂർ വിഷയമാണ്. അത് മറയ്ക്കാനുള്ള ശ്രമമാണ് പൂരം കലക്കൽ ആരോപണം. ആംബുലൻസിൽ വന്നിറങ്ങി എന്ന് പറഞ്ഞ ആളുടെ മൊഴി എടുത്തിട്ടുണ്ടല്ലോ. . ആ മൊഴിയിൽ എന്തു കൊണ്ടാണ് പൊലീസ് കേസ് എടുക്കാത്തതെന്നും സുരേഷ് ഗോപി ചോദിച്ചു.
