റയലിനെതിരെ രണ്ടാം ഗോൾ നേടിയ റോബർട്ട് ലെവൻഡോവ്സ്കി (ഇടത്) സഹതാരം ലമീൻ യമാലിനൊപ്പം ആഹ്ലാദത്തിൽ
ഗോളുകളിൽ മാത്രമല്ല, കളിയിലെ തന്ത്രങ്ങളിലും റയലിനെ നിഷ്പ്രഭരാക്കി ബാർസിലോന സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ കുറിച്ചത് ഗംഭീര ജയം (4–0). റയലിന്റെ മൈതാനത്ത്, മുപ്പത്തിയാറുകാരൻ റോബർട്ട് ലെവൻഡോവ്സ്കിയുടെ ഇരട്ടഗോളുകളിലാണ് ബാർസ വിജയം ഉറപ്പിച്ചതെങ്കിൽ അതിനു വഴിമരുന്നിട്ടത് പതിനേഴുകാരൻ ലമീൻ യമാലിന്റെ നേതൃത്വത്തിലുള്ള യുവനിര. യമാൽ, റാഫിഞ്ഞ എന്നിവരും ബാർസയ്ക്കായി സ്കോർ ചെയ്തു. രണ്ടാം പകുതിയിലായിരുന്നു ബാർസയുടെ ഗോളുകളെല്ലാം. ജയത്തോടെ സ്പാനിഷ് ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ബാർസയ്ക്ക് 6 പോയിന്റ് ലീഡായി.
ആദ്യ പകുതിയിൽ റയലിനെ നന്നായി പഠിച്ച ശേഷം രണ്ടാം പകുതിയിലാണ് ബാർസ വിശ്വരൂപം പൂണ്ടത്. നിര തെറ്റി നിന്ന റയൽ ഡിഫൻസിന്റെ ഒത്തിണക്കമില്ലായ്മ നന്നായി മുതലെടുത്താണ് 54, 56 മിനിറ്റുകളിലായി ലെവൻഡോവ്സ്കി തുടരെ 2 ഗോളുകൾ കുറിച്ചത്. ബാർസയുടെ അക്കാദമിയായ ലാ മാസിയയിൽ നിന്നുള്ള ഇരുപത്തിയൊന്നുകാരൻ മാർക് കസാഡോയായിരുന്നു ആദ്യ ഗോളിന്റെ സൂത്രധാരൻ. കസാഡോ നീട്ടിക്കൊടുത്ത പന്ത് ഓഫ്സൈഡ് കെണിയിൽ കുരുങ്ങാതെ പിടിച്ചെടുത്ത ലെവൻഡോവ്സ്കി പായിച്ച ലോ ഷോട്ട് റയൽ ഗോൾകീപ്പർ ആന്ദ്രെയ് ലുനിനെ മറികടന്നു. രണ്ടു മിനിറ്റിനു ശേഷമുള്ള രണ്ടാം ഗോൾ അതിലും മികച്ചത്.
