വിരാട് കോഹ്ലി ബൗൾഡ് ആകുന്നു. Photo: PTI

പുണെ : ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പരുങ്ങലില്‍. ന്യൂസീലന്‍ഡിനെ വീഴ്ത്തിയ സ്പിന്‍ കെണിയില്‍ സ്വയം വീണ ഇന്ത്യക്ക് 103 റണ്‍സെടുക്കുന്നതിനിടയില്‍ ഏഴ് വിക്കറ്റുകള്‍ നഷ്ടമായി.

ന്യൂസീലന്‍ഡിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 259 റണ്‍സിനെതിരെ രണ്ടാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് ചുവടുപിഴച്ചു. ആദ്യ ദിനം രോഹിത് ശര്‍മ പൂജ്യത്തിന് പുറത്തായിരുന്നു. ഇതിന് പിന്നാലെ രണ്ടാം ദിനം യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ഋഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, ആര്‍ ആശ്വിന്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

യശ്വസിയും ഗില്ലും 30 റണ്‍സ് വീതമെടുത്തപ്പോള്‍ ഒരു റണ്ണായിരുന്നു വിരാട് കോലിയുടെ സംഭാവന. ഋഷഭ് പന്ത് 18 റണ്‍സും സര്‍ഫറാസ് ഖാന്‍ 11 റണ്‍സുമെടുത്തു. അശ്വിന്‍ നാല് റണ്‍സാണ് നേടിയത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറുമാണ് ക്രീസില്‍. ജഡേജ 11ഉം സുന്ദര്‍ 2ഉം റണ്‍സെടുത്തിട്ടുണ്ട്.

ഇതുവരെ നാല് വിക്കറ്റെടുത്ത മിച്ചല്‍ സാന്റ്‌നറും രണ്ട് വിക്കറ്റെടുത്ത ഗ്ലെന്‍ ഫിലിപ്‌സുമാണ് ഇന്ത്യന്‍ ബാറ്റര്‍മാരെ വട്ടം കറക്കിയത്. ടിം സൗത്തി ഒരു വിക്കറ്റ് വീഴ്ത്തി.

നേരത്തെ ഒന്നാമിന്നിങ്‌സില്‍ വാഷിങ്ടണ്‍ സുന്ദറിന്റെ ബൗളിങ് മികവിലാണ് ഇന്ത്യ കിവീസിനെ 259 റണ്‍സിന് ഒതുക്കിയത്. കുല്‍ദീപ് യാദവിന് പകരമെത്തിയ സുന്ദര്‍ 23.1 ഓവര്‍ എറിഞ്ഞ് ഏഴ് വിക്കറ്റാണ് പിഴുതത്. അഞ്ചാം ടെസ്റ്റ് കളിക്കുന്ന സുന്ദറിന്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. ബാക്കി മൂന്ന് വിക്കറ്റുകള്‍ മറ്റൊരു ഓഫ് സ്പിന്നറും സുന്ദറിന്റെ നാട്ടുകാരനുമായ ആര്‍. അശ്വിന്‍ വീഴ്ത്തി. ഒരു ഇന്നിങ്‌സിലെ മുഴുവന്‍ വിക്കറ്റുകളും ഓഫ് സ്പിന്നര്‍മാര്‍ വീഴത്തുക എന്ന അപൂര്‍വതയ്ക്കും പുണെ ടെസ്റ്റ് വേദിയായി.

മറുപടിയായി ബാറ്റ് ചെയ്ത ഇന്ത്യയ്ക്കും മോശം തുടക്കമായിരുന്നു. മൂന്നാം ഓവറില്‍ തന്നെ ആതിഥേയര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഒന്‍പത് പന്ത് നേരിട്ട് ഒരു റണ്‍ പോലുമെടുക്കാതെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ ഒന്ന് മാത്രമായിരുന്നു. രോഹിത്തിനെ ടിം സൗത്തി ബൗള്‍ഡാക്കുകയായിരുന്നു. ബെംഗളൂരുവിലെ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ടോസ് നേടിയ ന്യൂസീലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ന്യൂസീലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു.