പ്രതീകാത്മക ചിത്രം

കോട്ടയം ∙ കടനാട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കടനാട് കണംകൊമ്പിൽ റോയി (60), ഭാര്യ ജാൻസി (55) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണു സംഭവം. ജാൻസിയെ നിലത്തു മരിച്ച നിലയിലും റോയിയെ തൂങ്ങിമരിച്ച നിലയിലുമാണു കണ്ടത്. മകൻ സ്കൂളിലായിരുന്നു. കുടുംബ കലഹമാണ് മരണകാരണമെന്നാണ് സൂചന.

മരിക്കാൻ പോകുകയാണെന്നു റോയി സഹോദരനോടു വിളിച്ചു പറഞ്ഞിരുന്നെന്നും ഇതിനുശേഷമാണ് മരണമെന്നും നാട്ടുകാർ പറഞ്ഞു. ഇടുക്കിയിലുള്ള സഹോദരൻ അയൽവീട്ടിൽ വിളിച്ച് റോയിയുടെ വീട്ടിൽ നോക്കാൻ പറഞ്ഞതിനെ തുടർന്ന് എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മീനച്ചിൽ കാരിക്കൊമ്പിൽ കുടുംബാംഗമാണ് ജാൻസി.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056).