തൃശൂരിലെ സ്വർണാഭരണ നിർമാണശാലകളിൽ നടത്തിയ പരിശോധനകളിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ ജിഎസ്ടി ഓഫിസിൽ വിശ്രമത്തിൽ

തൃശൂർ ∙ കണക്കിൽപെടാത്ത സ്വർണം പിടിച്ചെടുക്കുന്നതിനൊപ്പം കഴിഞ്ഞ 5 വർഷമായി ജിഎസ്ടി വകുപ്പിനെ അറിയിക്കാതെ നടത്തിയ ഇടപാടുകൾ കണ്ടെത്തുക കൂടിയായിരുന്നു തൃശൂരിൽ സംസ്ഥാന ജിഎസ്ടി ഇന്റലിജന്റ്സ് നടത്തിയ വൻ പരിശോധനയുടെ ലക്ഷ്യം. ഇത് കണ്ടെത്തുന്നതോടെ കോടിക്കണക്കിനു രൂപ നികുതിയിനത്തിൽ സർക്കാരിന് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. കള്ളക്കടത്തായി എത്തുന്ന സ്വർണം കണക്കിൽ കാണിക്കാതെ വിൽക്കാൻ കഴിയും എന്നതിനാൽ ആ സ്വർണം ഇങ്ങോട്ടെത്തുന്നത് തടയുന്നതിനും സ്വർണവിൽപന പൂർണമായി രേഖകളിൽ കൊണ്ടുവരേണ്ടതുണ്ട്.

ടൊറേ ഡെൽ ഓറെ (സ്വർണഗോപുരം) എന്നു പേരിട്ട പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെത്തിയപ്പോൾ പല സ്ഥാപനങ്ങളിലും ഉപഭോക്താക്കൾ ഉണ്ടായിരുന്നു. ഉപഭോക്താക്കളാണെന്ന് ഉറപ്പു വരുത്തി ഇവരെ ഇറക്കി വിട്ടു. പരിശോധന നടക്കുന്ന വിവരമറിഞ്ഞ് സ്കൂൾ ബാഗിൽ സ്വർണം വാരിയിട്ട് ഓടിയിറങ്ങിയ ജീവനക്കാരിയെ ഉദ്യോഗസ്ഥർ ഓടിച്ചിട്ടു പിടിച്ചു. ബാഗിൽ ആറര കിലോഗ്രാം സ്വർണം ഉണ്ടായിരുന്നു. ഉടമസ്ഥരുടെയും പ്രധാന ജീവനക്കാരുടെയും ഫ്ലാറ്റുകളിലും വീടുകളിലും ഒരേസമയം പരിശോധന നടത്തി.

വിവരം ഒരുതരത്തിലും ചോരാതിരിക്കാനാണ് ഉദ്യോഗസ്ഥരെ ‘ഉല്ലാസയാത്ര’ എന്ന ബാനർ വച്ച ബസുകളിൽ എത്തിച്ചത്. പരിശീലനത്തിനായി എറണാകുളത്ത് എത്തിയ ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥരോടും ഇന്നലെ എറണാകുളത്തു വിളിച്ചുകൂട്ടിയ ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥരോടും വടക്കുന്നാഥ ക്ഷേത്രം കാണാൻ പോകാമെന്നു പറഞ്ഞാണ് ടൂറിസ്റ്റ് ബസുകളിലും വാനുകളിലും കയറ്റിയത്. എഴുന്നൂറോളം ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു.

തൃശൂർ നഗരത്തിലെ സ്വർണാഭരണ നിർമാണശാലകളി‍ൽ പരിശോധനയ്ക്കായി ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥർ എത്തിയ ‘ഉല്ലാസയാത്ര’ ബാനർ കെട്ടിയ ബസുകളിൽ ഒന്ന്