ഐഫോണ്‍ 16

ഇന്തോനേഷ്യയിലെ ഐഫോണ്‍ പ്രേമികള്‍ക്ക് കനത്ത തിരിച്ചടി. രാജ്യത്ത് ഐഫോൺ 16 ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുന്നതായി ഇന്തോനേഷ്യന്‍ വ്യവസായമന്ത്രി ആഗസ് ഗുമിവാങ് കര്‍ത്താസാസ്മിത (Agus Gumiwang Kartasasmita) പ്രഖ്യാപിച്ചു. ഇന്തോനേഷ്യയിലേക്ക് ഐഫോണ്‍ 16 വിദേശത്ത് നിന്നു കൊണ്ടുവരുന്നതും വിലക്കി.

ഐഫോണ്‍ 16ന്റെ നിരോധനത്തിന് പിന്നിൽ നിരവധി മറ്റ് കാരണങ്ങളുണ്ട്. ഐഫോൺ 16ന് ഇന്തോനോഷ്യയിൽ ഇതുവരെ ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്വിപ്മന്റ് ഐഡന്റിറ്റി (ഐഎംഇഐ) സര്‍ട്ടിഫിക്കേഷന്‍ കിട്ടിയിട്ടില്ല. ഇതാണ് വിലക്കിലേക്ക് നയിച്ചതും. ആപ്പിൾ അപേക്ഷ നൽകിയെങ്കിലും ഐഎംഇഐ സര്‍ട്ടിഫിക്കേഷന്‍ നൽകാൻ വ്യവസായ വകുപ്പ് തയാറായിട്ടില്ല. ഈ സർട്ടിഫിക്കേഷനുള്ള ഫോണുകൾക്കേ രാജ്യത്ത് പ്രവർത്തിക്കാനാകൂ. ഐഫോണ്‍ 16 ഇന്തോനേഷ്യയില്‍ ആരെങ്കിലും ഉപയോഗിക്കുന്നതു കണ്ടാല്‍ അധികാരികളെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.

ആപ്പിള്‍ നടത്തിയ ചില വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തതാണ് ഇന്തോനേഷ്യയുടെ പെട്ടെന്നുള്ള ഐഫോണ്‍ വിരോധത്തിന് കാരണം. രാജ്യത്ത് ആപ്പിള്‍ വാഗ്ദാനം ചെയ്ത നിക്ഷേപം നടത്താത്തതാണ് ഇന്തോനേഷ്യയെ ചൊടിപ്പിച്ചിട്ടുണ്ട്. ഏകദേശം 14.75 ദശലക്ഷം ഡോളര്‍ (230 ബില്ല്യന്‍ ഇന്തോനേഷ്യൻ റുപ്പയ) നിക്ഷേപിക്കാമെന്നായിരുന്നു ആപ്പിളിന്റെ ഉറപ്പ്. കമ്പനി ഇതുവരെ ഏകദേശം 95 ദശലക്ഷം ഡോളറേ (1.48 ബില്ല്യന്‍ റുപ്പയ) നിക്ഷേപിച്ചിട്ടുള്ളൂ.

അതിനു പുറമെ ഇന്തോനേഷ്യയില്‍ ആപ്പിള്‍ അക്കാദമീസ് എന്ന പേരില്‍ റീസേര്‍ച് ആന്‍ഡ് ഡെവലപ്‌മെന്റ് സ്ഥാപനങ്ങള്‍ ആരംഭിക്കുമെന്നും ആപ്പിള്‍ കമ്പനി പറഞ്ഞിരുന്നു. ഏപ്രിലില്‍ ആപ്പിള്‍ മേധാവി ടിം കുക്ക് ജക്കാര്‍ത്ത സന്ദര്‍ശിച്ചപ്പോഴായിരുന്നു പ്രഖ്യാപനം. സന്ദര്‍ശന വേളയിൽ കുക്ക് പ്രസിഡന്റ് ജൊകോ വിഡോഡോയെ കണ്ടപ്പോള്‍ ഇന്തോനേഷ്യയില്‍ നിര്‍മാണ ഫാക്ടറികള്‍ ആരംഭിക്കുന്നത് പരിഗണിക്കുമെന്നും അറിയിച്ചിരുന്നു.

ഐഫോണ്‍ 16 രാജ്യത്ത് വില്‍ക്കാന്‍ സാധിക്കില്ലെന്ന് ഈ മാസം ആദ്യം തന്നെ മന്ത്രി പറഞ്ഞിരുന്നു. ഇവയ്ക്ക് ടികെഡിഎന്‍ സര്‍ട്ടിഫിക്കറ്റ് ഇതുവരെ നല്‍കിയിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇന്തോനേഷ്യയില്‍ വില്‍ക്കുന്ന ഉപകരണങ്ങളുടെ 40 ശതമാനം ഘടകഭാഗങ്ങള്‍ പ്രാദേശികമായി നിര്‍മിച്ചതായിരിക്കണം എന്നു നിബന്ധന ചെയ്യുന്നതാണ് ടികെഡിഎന്‍. ഇതു പാലിക്കുന്ന കമ്പനികള്‍ക്കാണ് ടികെഡിഎന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക. ആപ്പിളിൽ നിന്ന് ടിഡികെഎന്‍ അപേക്ഷ ലഭിച്ചെന്ന് വ്യവസായ വകുപ്പിന്റെ വക്താവ് ഫെബ്രി ഹെന്‍ഡ്രി അന്റോണി അരിഫ് സ്ഥിരീകരിച്ചു. എന്നാല്‍, ആപ്പിള്‍ നിക്ഷേപ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കാത്തിരിക്കുകയാണ് സർക്കാർ.

സെപ്റ്റംബര്‍ 20ന് വിപണിയിലെത്തിയ ഐഫോണ്‍ 16 സീരിസ് ഇതുവരെ ഇന്തോനേഷ്യയില്‍ വില്‍പന ആരംഭിച്ചിട്ടില്ല. ഐഫോണുകള്‍ക്കൊപ്പം പുത്തന്‍ ആപ്പിള്‍ ഉപകരണങ്ങളെല്ലാം പടിക്കുപുറത്തു നിർത്തിയിരിക്കുകയാണ് ഇന്തോനേഷ്യ. ആപ്പിള്‍ വാച്ച് സീരിസ് 10 ആണ് ഇങ്ങനെ വില്‍പ്പനയ്ക്ക് എത്താത്ത മറ്റൊരു ഉപകരണം.