Photo: x.com/BCCI
പുണെ : ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ന്യൂസീലന്‍ഡ് ശക്തമായ നിലയില്‍. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ കിവീസ് രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെന്ന നിലയിലാണ്. രണ്ടാം ഇന്നിങ്‌സില്‍ അവര്‍ക്ക് 301 റണ്‍സിന്റെ ലീഡായി. വിക്കറ്റ് കീപ്പര്‍ ടോം ബ്ലന്‍ഡെലും (30), ഗ്ലെന്‍ ഫിലിപ്‌സുമാണ് (9) ക്രീസില്‍.
നേരത്തേ ഇന്ത്യയെ 156 റണ്‍സിന് പുറത്താക്കിയ കിവീസ് 103 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ കിവീസിനെ അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ടോം ലാഥമാണ് മുന്നില്‍ നിന്ന് നയിച്ചത്. 133 പന്തുകള്‍ നേരിട്ട ലാഥം 10 ബൗണ്ടറികളടക്കം 86 റണ്‍സെടുത്ത് പുറത്തായി.
ഒന്നാം ഇന്നിങ്‌സില്‍ ഏഴു വിക്കറ്റ് വീഴ്ത്തിയതിനു പിന്നാലെ രണ്ടാം ഇന്നിങ്‌സില്‍ ഇതുവരെ നാലു വിക്കറ്റുകള്‍ വീഴ്ത്തിയ വാഷിങ്ടണ്‍ സുന്ദറിന്റെ പ്രകടനം മാത്രമാണ് രണ്ടാം ദിനം ഇന്ത്യയ്ക്ക് ആശ്വസിക്കാന്‍ ഉണ്ടായിരുന്നത്. ഡെവോണ്‍ കോണ്‍വെ (17), വില്‍ യങ് (23), രചിന്‍ രവീന്ദ്ര (9), ഡാരില്‍ മിച്ചല്‍ (18) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്‌സില്‍ കിവീസിന് നഷ്ടമായത്.
നേരത്തേ മിച്ചല്‍ സാന്റ്‌നറുടെ ഇടംകൈയന്‍ സ്പിന്നിനു മുന്നില്‍ പതറിയ ഇന്ത്യ 156 റണ്‍സിന് കൂടാരം കയറിയിരുന്നു. രവീന്ദ്ര ജഡേജ (38), ശുഭ്മാന്‍ ഗില്‍ (30), യശസ്വി ജയ്‌സ്വാള്‍ (30) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (0), വിരാട് കോലി (1) എന്നിവരെല്ലാം പൂര്‍ണ പരാജയമായി.
