യുവതി എക്‌സിൽ പങ്കുവച്ച വീഡിയോയിൽ നിന്നും | Photo Screengrab from Social media

എണ്ണമറ്റ സൈബര്‍ കുറ്റകൃത്യങ്ങളാണ് രാജ്യത്തിന്റെ മുക്കിലും മൂലയിലും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോഴിതാ ബാംഗ്ലൂര്‍ എയര്‍ പോര്‍ട്ട് ലോഞ്ച് ആക്സ്സസ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ 87,000 രൂപ നഷ്ടപ്പെട്ടെന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.

സെപ്റ്റംബര്‍ 29ന് എയര്‍പോര്‍ട്ടിലെത്തിയ യുവതിയാണ് തട്ടിപ്പിന് ഇരയായത്. ക്രെഡിറ്റ് കാര്‍ഡ് കൈവശമില്ലാത്തതിനാല്‍ അതിന്റെ ഫോട്ടോ കാണിക്കുകയും ലോഞ്ചിലേക്ക് പ്രവേശനം തരണമെന്ന് ജീവനക്കാരനോട് ആവശ്യപ്പെടുകയും ചെയ്തതാണ് തുടക്കം. ജീവനക്കാരന്‍ ലോഞ്ച് പാസ്സ് എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനും സുരക്ഷയ്ക്ക് വേണ്ടി ഫെയ്സ് ആക്സ്സ് ചെയ്യാനും ആവശ്യപ്പെട്ടു. ആപ്പ് ഡൗണ്‍ലോഡ് ചെയ്തെങ്കിലും ലോഞ്ച് താന്‍ ഉപയോഗിച്ചില്ലെന്നും യുവതി വീഡിയോയില്‍ പറയുന്നു.

പിന്നീട് തന്നെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് സുഹൃത്തുക്കള്‍ അറിയിച്ചപ്പോഴാണ് കാര്യത്തിന്റെ ഗൗരവും മനസിലായത്. ആദ്യം കണക്ടിവിറ്റി പ്രശ്‌നമാണെന്നാണ് കരുതിയത്. ഫോണ്‍ കോളുകള്‍ മറ്റൊരാള്‍ സ്വീകരിക്കുന്നതായി അറിഞ്ഞപ്പോഴാണ് പ്രശ്‌നം തിരിച്ചറിഞ്ഞത്. ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് മറ്റൊരു യുപിഐ അക്കൗണ്ടിലേക്ക് 87,000 രൂപ കൈമാറിയതായി അറിഞ്ഞത് പിന്നീടാണെന്നും യുവതി വെളിപ്പെടുത്തി.

ലോഞ്ച് ഉപയോഗിക്കാനായി ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ഉപയോഗിച്ചാണ് തട്ടിപ്പുകാര്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. ഒ.ടി.പിയും ഉപയോഗിച്ചു. തുടര്‍ന്നാണ് ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്തതെന്നും വീഡിയോയില്‍ പറയുന്നു. സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന ഐഫോണിലൂടെ അതീവ സുരക്ഷാ ഏരിയയാ എയര്‍പോര്‍ട്ടിനകത്ത് വച്ച് തട്ടിപ്പിനിരയായതിനാലാണ് സോഷ്യമല്‍ മീഡിയ ഏറ്റുപിടിച്ചത്.