ബംഗ്ലദേശിനെതിരായ മത്സരത്തിൽ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ദക്ഷിണാഫ്രിക്കൻ താരങ്ങൾ (ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർ‍ഡ് പങ്കുവച്ച ചിത്രം)

മി‍ർപുർ ∙ വാലറ്റക്കാരെ കൂട്ടുപിടിച്ച് മെഹ്‌ദി ഹസൻ (87 നോട്ടൗട്ട്) നടത്തിയ പോരാട്ടം ബംഗ്ലദേശിനെ ഇന്നിങ്സ് തോൽവിയിൽ നിന്നു രക്ഷിച്ചെങ്കിലും, അനിവാര്യമായ തോൽവി ഒഴിവാക്കാൻ അവർക്കായില്ല. ഫലം, ബംഗ്ലദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് തകർപ്പൻ ജയം. ഏഴു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ബംഗ്ലദേശിനെ അവരുടെ നാട്ടിൽ വീഴ്ത്തിയത്. ബംഗ്ലദേശ് ഉയർത്തിയ 106 റൺസ് വിജയലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു.

ഇതോടെ, രണ്ടു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1–0ന്റെ അപരാജിത ലീഡ് നേടി. കഴിഞ്ഞ 10 വർഷത്തിനിടെ ഏഷ്യയിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ ടെസ്റ്റ് ജയം കൂടിയാണിത്. സ്കോർ: , ബംഗ്ലദേശ് – 106 & 307 , ദക്ഷിണാഫ്രിക്ക – 308 & 106/3 .

52 പന്തിൽ ഏഴു ഫോറുകളോടെ 41 റൺസെടുത്ത ഓപ്പണർ ടോണി ഡിസോർസിയാണ് രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ട്രിസ്റ്റൻ സ്റ്റബ്സ് 37 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 30 റൺസോടെ പുറത്താകാതെ നിന്നു. ക്യാപ്റ്റൻ കൂടിയായ ഓപ്പണർ എയ്ഡൻ മർക്രം (27 പന്തിൽ നാലു ഫോറുകളോടെ 20), ഡേവിഡ് ബേഡിങ്ഹാം (13 പന്തിൽ ഒരു സിക്സ് സഹിതം 12) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. റയാൻ റിക്കിൾടൻ ഒരു റണ്ണുമായി പുറത്താകാതെ നിന്നു. രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് നഷ്ടമായ മൂന്നു വിക്കറ്റുകളും തൈജുൽ ഇസ്‍ലാം സ്വന്തമാക്കി.

നേരത്തേ, ഏഴിന് 283 റൺസ് എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ബംഗ്ലദേശ്, രണ്ടാം ഇന്നിങ്സിൽ 307 റൺസിന് എല്ലാവരും പുറത്തായി. 89.5 ഓവറിലാണ് ബംഗ്ലദേശ് 307 റൺ‌സെടുത്തത്. ഓൾറൗണ്ടർ മെഹ്ദി ഹസൻ മിറാസ് കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ചറിക്ക് മൂന്നു റൺസ് അകലെ പുറത്തായി. 191 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതം 97 റൺസെടുത്ത മെഹ്ദിയെ, കഗീസോ റബാദയാണ് പുറത്താക്കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കായി റബാദ ആറു വിക്കറ്റെടുത്തു. കേശവ് മഹാരാജ് മൂന്നും വിയാൻ മുൾഡർ ഒരു വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 308 റൺസ് നേടിയിരുന്നു.