ന്യൂസീലൻഡിനെതിരായ മത്സരത്തിൽ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ (ബിസിസിഐ പങ്കുവച്ച ചിത്രം)
പുണെ ∙ ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസീലൻഡിന് ഭേദപ്പെട്ട തുടക്കം. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ്, ഒന്നാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ, 31 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 92 റൺസ് എന്ന നിലയിലാണ്. ഓപ്പണർ ഡിവോൺ കോൺവേ (108 പന്തിൽ 47), ആദ്യ ടെസ്റ്റിൽ കിവീസിന്റെ ഹീറോയായി മാറിയ രചിൻ രവീന്ദ്ര (13 പന്തിൽ അഞ്ച്) എന്നിവർ ക്രീസിൽ. പിരിയാത്ത മൂന്നാം വിക്കറ്റിൽ ഇരുവരും ഇതുവരെ 16 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ക്യാപ്റ്റൻ കൂടിയായ ഓപ്പണർ ടോം ലാതം (22 പന്തിൽ 15), വിൽ യങ് (45 പന്തിൽ 18) എന്നിവരാണ് കിവീസ് നിരയിൽ പുറത്തായത്. രണ്ടു വിക്കറ്റും രവിചന്ദ്രൻ അശ്വിൻ സ്വന്തമാക്കി.
പേസർമാർക്ക് കാര്യമായ പിന്തുണ നൽകാത്ത പിച്ചിൽ, എട്ടാം ഓവർ മുതൽ സ്പിന്നർമാരെയാണ് ഇന്ത്യ പന്തേൽപ്പിക്കുന്നത്. രണ്ടു വിക്കറ്റുമായി അശ്വിൻ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ പ്രതീക്ഷ കാക്കുകയും ചെയ്തു. ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെയാണ് ഓപ്പണർ ഡിവോൺ കോൺവേ ക്രീസിൽ തുടരുന്നത്. ഇതുവരെ 108 പന്തിൽ അഞ്ച് ഫോറുകൾ സഹിതമാണ് കോൺവേ 47 റൺസെടുത്തത്. ഇന്ത്യയ്ക്കായി അശ്വിനു പുറമേ വാഷിങ്ടൻ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവരാണ് സ്പിൻ ആക്രമണത്തിനു നേതൃത്വം നൽകുന്നത്.
നേരത്തേ, നിർണായകമായ ടോസ് നേടിയ ന്യൂസീലൻഡ് നായകൻ ടോം ലാതം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ടെസ്റ്റിൽ എട്ടു വിക്കറ്റിന്റെ തോൽവി വഴങ്ങിയ ഇന്ത്യൻ നിരയിൽ മൂന്നു മാറ്റമുണ്ട്. കെ.എൽ. രാഹുൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർക്കു പകരം ശുഭ്മൻ ഗിൽ, വാഷിങ്ടൻ സുന്ദർ, ആകാശ്ദീപ് സിങ് എന്നിവർ ടീമിലെത്തി. ന്യൂസീലൻഡ് നിരയിൽ ഒരു മാറ്റമുണ്ട്. പരുക്കിന്റെ പിടിയിലായ മാറ്റ് ഹെൻറിക്ക് പകരം മിച്ചൽ സാന്റ്നർ ടീമിലെത്തി.
സ്പിന്നർമാരെ സഹായിക്കുന്ന കറുത്ത മണ്ണിൽ തയാറാക്കിയിരിക്കുന്ന പിച്ചാണ് പുണെയിലേത്. ആദ്യത്തെ 2 ദിവസം ബാറ്റിങ്ങിനും അടുത്ത 3 ദിവസം സ്പിന്നർമാർക്കും ആനുകൂല്യം ലഭിക്കും. വൈകുന്നേരങ്ങളിൽ മൂടിക്കെട്ടിയ കാലാവസ്ഥയാണെങ്കിലും 5 ദിവസവും മഴയ്ക്കു സാധ്യതയില്ലെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്.
പുണെ പിച്ചിൽ 4–5 ദിവസങ്ങളിൽ ബാറ്റിങ് അതീവ ദുഷ്കരമാകാറാണ് പതിവ്. അതിനാൽ ടോസ് നേടുന്ന ടീം ബാറ്റിങ് തിരഞ്ഞെടുത്ത് പരമാവധി സ്കോർ ഒന്നാം ഇന്നിങ്സിൽ തന്നെ കണ്ടെത്താൻ ശ്രമിക്കുമെന്ന് തീർച്ചയായിരുന്നു. ഇതുവരെ രണ്ടു ടെസ്റ്റ് മത്സരങ്ങൾക്കു മാത്രമേ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം വേദിയായിട്ടുള്ളൂ. ആദ്യത്തേത് 2017ൽ. അന്ന് ഇന്ത്യ ഓസ്ട്രേലിയയോട് 333 റൺസിന് തോറ്റു. 2019ൽ നടന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഇന്നിങ്സിനും 137 റൺസിനും തോൽപ്പിച്ചു.
ആദ്യ ടെസ്റ്റിലേറ്റ അപ്രതീക്ഷിത തോൽവിയുടെ ക്ഷീണം മാറ്റാൻ, അരങ്ങ് തങ്ങൾക്ക് അനുകൂലമായി ഒരുക്കിയാണ് ടീം ഇന്ത്യ രണ്ടാം ടെസ്റ്റിനായി ഇന്നിറങ്ങുന്നത്. ബെംഗളൂരുവിൽ നടന്ന ആദ്യ ടെസ്റ്റിൽ പേസർമാർക്ക് അപ്രതീക്ഷിത മേൽക്കൈ ലഭിച്ചത് ഇന്ത്യയുടെ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റിച്ചിരുന്നു. ഇതോടെയാണ് രണ്ടാം ടെസ്റ്റിനുള്ള പിച്ച് സ്പിന്നർമാർക്ക് ആധിപത്യം ലഭിക്കുന്ന രീതിയിൽ ഒരുക്കാൻ ടീം മാനേജ്മെന്റ് തീരുമാനിച്ചത്.
ആദ്യ ടെസ്റ്റിൽ ശുഭ്മൻ ഗിൽ പരുക്കുമൂലം പുറത്തിരുന്നതോടെ വിരാട് കോലി മൂന്നാം നമ്പറിലും സർഫറാസ് ഖാൻ നാലാം നമ്പറിലും ഇറങ്ങിയിരുന്നു. ഗിൽ തിരിച്ചെത്തുന്നതോടെ കോലി നാലാം നമ്പറിലേക്കു മടങ്ങിയേക്കും. ആദ്യ ടെസ്റ്റിൽ കാര്യമായ ഇംപാക്ട് സൃഷ്ടിക്കാൻ സാധിക്കാതിരുന്നതാണ് കുൽദീപ് യാദവിനു വിനയായത്. ബാറ്റിങ്ങിലെ മിടുക്കും കിവീസ് നിരയിൽ ഇടംകൈ ബാറ്റർമാർ കൂടുതലായി ഉള്ളതും ഓഫ് സ്പിന്നറായ വാഷിങ്ടന് അനുകൂലമായി.
സീനിയർ താരം കെയ്ൻ വില്യംസൻ രണ്ടാം ടെസ്റ്റിലും പരുക്കുമൂലം പുറത്തിരിക്കുന്നതിനാൽ ടീമിൽ കാര്യമായ മാറ്റങ്ങളില്ലാതെയാണ് കിവീസ് ഇറങ്ങുന്നത്. സ്പിൻ സ്പെഷലിസ്റ്റായി അജാസ് പട്ടേലും സ്പിൻ ബോളിങ് ഓൾറൗണ്ടർമാരായി രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ് എന്നിവരും ടീമിലുള്ള ന്യൂസീലൻഡിന് ഒരു എക്സ്ട്രാ സ്പിന്നറെക്കൂടി പുണെയിൽ ഇറക്കണമെന്നു തോന്നിയതോടെയാണ് മാറ്റ് ഹെൻറിക്കു പകരം മിച്ചൽ സാന്റ്നർ ആദ്യ ഇലവനിൽ എത്തുന്നത്. ബാറ്റിങ് നിരയിൽ പൊളിച്ചെഴുത്തില്ല.
