കെ. മാധവൻ

മുംബൈ : 15 വർഷം ഡിസ്നി സ്റ്റാറിന്റെ കൺട്രി മാനേജരും പ്രസിഡന്റുമായിരുന്ന കെ. മാധവൻ സ്ഥാനമൊഴിയുന്നു. ഡിസ്നി, സ്റ്റാർ, ഡിസ്നി + ഹോട്ട്സ്റ്റാർ ബ്രാൻഡുകളിലെ വിനോദ, കായിക ഉള്ളടക്കങ്ങളുടെയും സ്റ്റുഡിയോ വിഭാഗത്തിന്റെ പ്രവർത്തനങ്ങളുടെയും നയരൂപവത്കരണത്തിലും വളർച്ചയിലും നിർണായക പങ്കുവഹിച്ച അദ്ദേഹം, ഡിസ്നി സ്റ്റാർ-വയാകോം 18 ലയനം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് സ്ഥാനമൊഴിയുന്നത്. ഇതോടൊപ്പം ഡിസ്നി + ഹോട്ട് സ്റ്റാർ ഇന്ത്യ മേധാവി സജിത് ശിവാനന്ദും ഡിസ്നി വിടുകയാണ്.

ലയനം പൂർത്തിയാകുന്നതോടെ ഇരു മാധ്യമക്കമ്പനികളുടെയും പ്രവർത്തനം പുനഃസംഘടിപ്പിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി നേതൃത്വത്തിലുള്ള ചിലർക്ക് കൂടുതൽ ചുമതലകൾ ലഭിച്ചേക്കും. പുതിയ ആളുകൾ ഗ്രൂപ്പിലേക്കു കടന്നുവരുന്നുമുണ്ട്. അടുത്തിടെ ജിയോ സിനിമ ചീഫ് ബിസിനസ് ഓഫീസറായി ഇഷാൻ ചാറ്റർജിയെ നിയമിച്ചിരുന്നു.

ലയനത്തിന്റെ ഭാഗമായി വയാകോം 18 നേതൃനിരയെ കൂടുതൽ ശക്തമാക്കാൻ ശ്രമിക്കുന്നതിന്റെ സൂചനയായാണ് ഇതിനെ കാണുന്നത്. ഇതിനൊപ്പമാണ് ഉന്നതനേതൃത്വത്തിലെ പിരിഞ്ഞുപോക്ക്. ലയനപ്രഖ്യാപനശേഷം ഡിസ്നി സ്റ്റാറിന്റെ നിർണായക സ്ഥാനങ്ങളിൽനിന്ന് ഒഴിയുന്ന ആദ്യപട്ടികയിലാണ് കെ. മാധവനും സജിത് ശിവാനന്ദനും വരുന്നത്.

പുതിയ കമ്പനിയുടെ ഉന്നതസ്ഥാനങ്ങളിൽ ഇനിയും മാറ്റങ്ങളുണ്ടായേക്കാമെന്നതിന്റെ സൂചനയായും ഇതിനെ വിലയിരുത്തുന്നുണ്ട്. മലയാളം ടെലിവിഷൻ രംഗത്ത് മുൻനിരയിലുള്ള ഏഷ്യാനെറ്റിന്റെ എം.ഡി.യും സി.ഇ.ഒ.യുമായിരുന്ന കെ. മാധവൻ 2009-ലാണ് സ്റ്റാർ ഇന്ത്യയുടെ ഭാഗമായത്. ഡിസ്നി സ്റ്റാറിനെ മുന്നോട്ടുനയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ടെലിവിഷൻ, സ്ട്രീമിങ് വ്യവസായങ്ങളിലും പ്രീമിയം കണ്ടന്റുകളുടെ വിതരണത്തിലും ഗ്രൂപ്പിന്റെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങളിലും അദ്ദേഹം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.

സ്റ്റാർ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയ സജിത് ശിവാനന്ദൻ പിന്നീട് ഗല്ലപ് ഓർഗനൈസേഷൻ, അഫിൾ എന്നിവയിലേക്കു ചുവടുമാറി. അതിനുശേഷം ഗൂഗിളിൽ ചേർന്നു. 2022-ലാണ് ഡിസ്നി ഹോട്ട്സ്റ്റാറിലെത്തിയത്.