Photo: AFP

മോസ്‌കോ : ബ്രിക്‌സ് ഉച്ചകോടിക്കായി റഷ്യയിലെ പൈതൃക നഗരമായ കസാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഇതിനായി സഹകരിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും മോദി, പുതിനെ അറിയിച്ചു. ഇന്ത്യയുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാനുള്ള ചര്‍ച്ചകള്‍ നടത്തുമെന്നും പുതിന്‍ പറഞ്ഞു.

ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൊവ്വാഴ്ച ഉച്ചയോടുകൂടിയാണ് മോദി റഷ്യയിലെ പൈതൃക നഗരമായ കസാനിലെത്തിയത്. ഉഷ്മളമായ വരവേല്‍പ്പാണ് അദ്ദേഹത്തിന് റഷ്യ നല്‍കിയത്. റഷ്യയിലെ ഇന്ത്യന്‍ സമൂഹവും മോദിക്ക് വരവേല്‍പ്പ് നല്‍കി. ബുധനാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ട്. ബുധനാഴ്ചയാണ് 16-ാം ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായുള്ള ആദ്യ സമ്മേളനം നടക്കുന്നത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സിലുള്ളത്. നിയന്ത്രണരേഖയിലെ സേന പിന്‍മാറ്റം, പട്രോളിങ് എന്നീ വിഷയങ്ങളില്‍ ധാരണയിലെത്തിയതായി കഴിഞ്ഞ ദിവസം ഇന്ത്യയും ചൈനയും പ്രഖ്യാപിച്ചിരുന്നു. നിയന്ത്രണരേഖയിലെ തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രശ്‌ന പരിഹാരത്തിന് വഴിവെക്കുന്ന ധാരണയാണിതെന്നും ചൈനീസ് വിദേശകാര്യ വക്താവും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായുള്ള മോദി – ഷി ജിന്‍ പിങ് ചര്‍ച്ച പ്രസക്തമാകുന്നത്. മറ്റ് ബ്രിക്‌സ് രാജ്യങ്ങളിലെ തലവന്മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.