പ്രതീകാത്മക ചിത്രം

അടിമാലി : കഞ്ചാവ് ബീഡി കത്തിക്കാന്‍ തീപ്പെട്ടി ചോദിച്ച് എക്‌സൈസ് ഓഫീസിലെത്തിയ വിദ്യാര്‍ഥികള്‍ പിടിയില്‍. മൂന്നാറിലേക്ക് വിനോദയാത്ര വന്ന പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളാണ് പിടിയിലായത്. വര്‍ക്ഷോപ്പെന്ന് തെറ്റിദ്ധരിച്ച് വിദ്യാര്‍ഥികള്‍ പിന്‍വശത്തുകൂടിയാണ് എക്‌സൈസ് ഓഫീസിലേക്ക് കയറിയത്. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയും കഞ്ചാവ് പിടികൂടുകയുമായിരുന്നു. കേസെടുത്തതിന് പിന്നാലെ വിദ്യാര്‍ഥികളെ രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു.

തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്. അടിമാലിയില്‍ ഭക്ഷണം കഴിക്കാനായി വാഹനം നിര്‍ത്തിയപ്പോള്‍ ഇവര്‍ പുകവലിക്കാനായി ഒഴിഞ്ഞസ്ഥലം തേടി പോകുകയായിരുന്നു. വിദ്യാര്‍ഥികള്‍ പിന്‍വശത്തുകൂടി നേരെ എക്‌സൈസ് ഓഫീസിലേക്കാണ് പോയത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ പിടിച്ചിട്ടതിനാല്‍ ഇത് വര്‍ക്ഷോപ്പാണെന്നാണ് വിദ്യാര്‍ഥികള്‍ തെറ്റിദ്ധരിച്ചത്. പിന്‍വശത്തുകൂടി കെട്ടിടത്തിനകത്ത് കയറി തീപ്പെട്ടിയുണ്ടോയെന്ന് ചോദിച്ചു.

എന്നാല്‍ യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെ കണ്ടതോടെ രണ്ടുകുട്ടികള്‍ ഇറങ്ങിയോടി. സംശയം തോന്നിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കുട്ടികളെ തടഞ്ഞുവെച്ച് ചോദ്യംചെയ്തു. ദേഹപരിശോധനയില്‍ അഞ്ച് ഗ്രാമോളം കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെത്തി. ശേഷം അധ്യാപകരെ വിളിച്ചുവരുത്തുകയും രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തു. രക്ഷിതാക്കള്‍ എത്തിയതിന് പിന്നാലെ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കുകയും വിട്ടയക്കുകയുമായിരുന്നു. കുട്ടികള്‍ക്കെതിരേ കേസെടുത്ത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറി.