എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് കലക്ടറെ മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി കണ്ണൂർ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ
കണ്ണൂർ ∙ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് കണ്ണൂരിൽ വ്യാപക പ്രതിഷേധം. കോൺഗ്രസ്, ബിജെപി പ്രവർത്തകരാണ് വിവിധ ഇടങ്ങളിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. പരിയാരം മെഡിക്കൽ കോളജിലേക്കായിരുന്നു കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. . നവീൻ ബാബുവിനെതിരെ പരാതി ഉന്നയിച്ച ടി.വി.പ്രശാന്തിനെ മെഡിക്കൽ കോളജിലെ ജോലിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്.
ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് വലയം ഭേദിച്ച് കോളജ് ഓഫിസിലേക്കു പ്രവർത്തകർ കയറാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. വനിത പ്രവർത്തകർ ഉൾപ്പെടെ ആശുപത്രി കാഷ്വാലിറ്റിക്കു മുമ്പിലും കോളജിനു മുമ്പിലും എത്തിയെങ്കിലും നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.

എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധം
കണ്ണൂർ കലക്ട്രേറ്റിലേക്ക് ബിജെപി പ്രവർത്തകരും പ്രതിഷേധ മാർച്ച് നടത്തി. മാർച്ചിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. കലക്ട്രേറ്റിന് മുന്നിൽ ബാരിക്കേഡ് വച്ചാണ് പൊലീസ് മാർച്ച് തടഞ്ഞത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ പ്രവർത്തകർ പ്രകോപിതരാകുകയായിരുന്നു.
നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ആരോപണവിധേയനായ ജില്ലാ കലക്ടർ അരുൺ കെ.വിജയനെ മാറ്റി നിർത്തുക, പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. കേസെടുത്ത് 5 ദിവസമായിട്ടും പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ പൊലീസിന് സാധിച്ചിട്ടില്ലെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. മേഖലയിൽ സംഘർഷ സാഹചര്യം നിലനിൽക്കുകയാണ്.
