ലോകകപ്പ് വിജയിച്ച ന്യൂസീലൻഡ് താരങ്ങളുടെ ആഹ്ലാദം. Photo: X@ICC

ട്വന്റി20 വനിതാ ലോകകപ്പ് തുടങ്ങിയതു മുതൽ കാത്തുകാത്തിരുന്ന കിരീടം ഒടുവിൽ ന്യൂസീലൻഡിനെ തേടിയെത്തി. ട്വന്റി20 വനിതാ ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 32 റൺസ് വിജയം സ്വന്തമാക്കിയാണ് സ്വപ്ന കിരീടത്തിൽ ന്യൂസീലൻഡ് വനിതകൾ മുത്തമിട്ടത്. ട്വന്റി20 വനിതാ ലോകകപ്പിന് തുടക്കമായ 2009ൽ നേരിയ വ്യത്യാസത്തില്‍‍ ന്യൂസീലൻഡിന് നഷ്ടമായതാണ് ഈ കിരീടം. അടുത്ത വർഷവും ഫൈനലിലെത്തിയെങ്കിലും തോല്‍വിയായിരുന്നു ഫലം. പക്ഷേ മൂന്നാം അവസരത്തിൽ അവർക്കു പിഴച്ചില്ല. 14 വർഷങ്ങൾക്കു ശേഷം ഫൈനലിലെത്തിയ കിവീസ് ഇത്തവണ ദുബായിൽനിന്ന് വിമാനം കയറുന്നത് ലോകകിരീടവുമായാണ്.

തുടരെ 10 മത്സരങ്ങൾ തോറ്റതിന്റെ നാണക്കേടുമായി ലോകകപ്പിനു വന്ന കിവീസ്, ആദ്യ മത്സരത്തിൽ ഇന്ത്യയെ തോൽപിച്ചാണ് തുടങ്ങിയത്. ഓസ്ട്രേലിയയോടു തോറ്റെങ്കിലും പിന്നീട് ശ്രീലങ്കയ്ക്കെതിരെയും പാക്കിസ്ഥാനെതിരെയും ജയിച്ച് സെമിയിലെത്തി. സെമി ഫൈനലിൽ വെസ്റ്റിൻഡീസിനെ വീഴ്ത്തിയാണ് ന്യൂസീലൻഡ് കലാശപ്പോരിനെത്തിയത്. ദുബായിൽ നടന്ന ഫൈനൽ പോരിൽ ന്യൂസീലന്‍ഡ് ഉയർത്തിയ 159 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 126 റൺസെടുക്കാനേ സാധിച്ചുള്ളൂ.

ന്യൂസീലൻഡ് താരങ്ങളുടെ വിജയാഹ്ലാദം. Photo: X@ICCT20WC

ലോകകപ്പ് വിജയിച്ച ന്യൂസീലൻഡ് താരങ്ങളുടെ ആഹ്ലാദം. Photo: X@ICC

ഫൈനലിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ ന്യൂസീലൻഡ് താരം അമേലിയ കെറാണു കളിയിലെ താരം. 43 റൺസെടുത്ത അമേലിയ മൂന്നു വിക്കറ്റുകളും വീഴ്ത്തി. 2024 ലോകകപ്പിൽ ആകെ 135 റൺ‍സ് നേടിയ അമേലിയ 15 വിക്കറ്റുുകൾ എറിഞ്ഞിട്ടു.

ലോകകപ്പ് വിജയിച്ച ന്യൂസീലൻഡ് താരങ്ങളുടെ ആഹ്ലാദം. Photo: X@ICC

തുടർച്ചയായി രണ്ടാം തവണയാണ് ദക്ഷിണാഫ്രിക്ക ട്വന്റി20 ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്. കഴിഞ്ഞ വർഷം കേപ്ടൗണിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ ഓസ്ട്രേലിയയായിരുന്നു ദക്ഷിണാഫ്രിക്കയുടെ എതിരാളികൾ. ആദ്യം ബാറ്റു ചെയ്ത ഓസീസ് ആറു വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തപ്പോൾ, ദക്ഷിണാഫ്രിക്കയുടെ മറുപടി ആറിന് 137 റൺസിൽ അവസാനിച്ചു. 19 റൺസ് വിജയത്തോടെ ഓസ്ട്രേലിയ ആറാം കിരീടം സ്വന്തമാക്കി. ട്വന്റി20 ലോകകപ്പ് ഫൈനലില്‍ പുരുഷ ടീം ഇന്ത്യയോടു തോറ്റ വേദന, വനിതാ ലോകകപ്പ് കിരീടത്തിലൂടെ മാറ്റാമെന്നു സ്വപ്നം കണ്ടാണ് ദക്ഷിണാഫ്രിക്ക ദുബായിൽ മത്സരിക്കാനിറങ്ങിയത്.

സെമി ഫൈനലില്‍ വമ്പൻമാരായ ഓസ്ട്രേലിയയെ തോൽപിച്ചതോടെ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷയും വർധിച്ചു. എന്നാൽ ഫൈനലിൽ ഒരിക്കൽ കൂടി കാലിടറി. മറുപടി ബാറ്റിങ്ങിൽ മികച്ച തുടക്കം ലഭിച്ചിട്ടും അതു മുതലെടുക്കാൻ ദക്ഷിണാഫ്രിക്കയ്ക്കു സാധിച്ചില്ല. ഓപ്പണർമാരായ ക്യാപ്റ്റൻ ലോറ വോൽവാഡും (27 പന്തിൽ 33), തസ്മിൻ ബ്രിറ്റ്സും (18 പന്തിൽ 17) നല്ല തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്കു നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ 51 റൺസ് കൂട്ടിച്ചേർക്കാൻ ദക്ഷിണാഫ്രിക്കയ്ക്കു സാധിച്ചു. എന്നാൽ ഇരുവരും പുറത്തായതോടെ ദക്ഷിണാഫ്രിക്കൻ‍ ബാറ്റിങ് നിര പൊരുതാതെ കീഴടങ്ങുകയായിരുന്നു.