Photo: x.com/TheKhelIndia

കൊല്‍ക്കത്ത : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് – മുഹമ്മദന്‍സ് എസ്‌സി മത്സരത്തിനിടെ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കു നേരെ അതിക്രമം. ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ച് ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തില്‍ ജയം നേടിയിരുന്നു.

കൊല്‍ക്കത്ത കിഷോര്‍ഭാരതി സ്റ്റേഡിയത്തില്‍ 75-ാം മിനിറ്റില്‍ ജീസസ് ജിമെനെസ് ഗോള്‍ നേടിയതിനു പിന്നാലെയായിരുന്നു സംഭവം. 67-ാം മിനിറ്റില്‍ ക്വാമി പെപ്ര ആദ്യ ഗോള്‍ നേടിയ ശേഷം ഗാലറിയിലുണ്ടായിരുന്ന ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ആഘോഷത്തിലായിരുന്നു. പിന്നാലെ ജിമെനെസും ഗോള്‍ നേടിയതോടെ ആരാധകര്‍ ആവേശത്തിലായി. ഇതോടെ തൊട്ടടുത്ത സ്റ്റാന്‍ഡിലിരുന്ന മുഹമ്മദന്‍സ് ആരാധകര്‍ കുപ്പികളും ചെരിപ്പുമെല്ലാം ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കു നേര്‍ക്ക് വലിച്ചെറിയുകയായിരുന്നു.

മൈതാനത്തേക്കും കളിക്കാര്‍ക്ക് നേര്‍ക്കും മുഹമ്മദന്‍സ് ആരാധകര്‍ കുപ്പികളും ചെരിപ്പുമെല്ലാം വലിച്ചെറിഞ്ഞു. ഇതോടെ റഫറി മത്സരം നിര്‍ത്തിവെച്ചു. മുഹമ്മദന്‍സിന് അനുകൂലമായ ഒരു പെനാല്‍റ്റി നിഷേധിച്ചതും കാണികളെ ചൊടിപ്പിച്ചു.