പ്രതീകാത്മക ചിത്രം

ബദ്‌വെല്‍ (ആന്ധ്രാപ്രദേശ്) : കടപ്പ ജില്ലയിലെ ബദ്‌വെലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാവ് തീ കൊളുത്തിക്കൊന്നു. പതിനാറു വയസ്സുകാരിയായ പെണ്‍കുട്ടിയുമായി നേരത്ത പ്രണയത്തിലായിരുന്ന ജെ. വിഘ്നേഷ് എന്നയാളാണ് കൃത്യം നടത്തിയത്.

പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ഇയാള്‍ തീ കൊളുത്തുകയായിരുന്നു. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ് കടപ്പയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ മരിക്കുകയായിരുന്നു.

പെണ്‍കുട്ടിയുമായി ബന്ധം വേര്‍പെടുത്തിയ യുവാവ് വേറെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ആറു മാസം മുമ്പ് വീണ്ടും വിഘ്നേഷുമായി ബന്ധപ്പെട്ട പെണ്‍കുട്ടി തന്നെ വിവാഹം ചെയ്യാന്‍ ഇയാളോട് നിരന്തരം ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പെണ്‍കുട്ടിയെ ഒഴിവാക്കുന്നതിനായാണ് യുവാവ് തീ കൊളുത്തിയതെന്ന് മൈദുകുരു സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ രാജേന്ദ്ര പ്രസാദ് പിടിഐയോട് പറഞ്ഞു.

കൊലപാതകവും പോക്‌സോയുമടക്കം വിവിധ വകുപ്പുകള്‍ പ്രകാരം വിഘ്‌നേഷിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിനു പിന്നാലെ ഇയാള്‍ ഒളിവിലാണ്.