ശ്രീപത്മനാഭ സ്വാമി ക്ഷേത്രം

തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് തളിപ്പാത്രം മോഷ്ടിച്ചത് ഐശ്വര്യത്തിന് വേണ്ടിയെന്ന് പിടിയിലായ പ്രതികള്‍. ദര്‍ശനത്തിന് വേണ്ടിയാണ് ക്ഷേത്രത്തില്‍ എത്തിയതെന്നും തളിപ്പാത്രം കണ്ടപ്പോള്‍ പൂജിക്കാനായി ഇത് മോഷ്ടിക്കുകയും ചെയ്‌തെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഈ മൊഴി പൂര്‍ണമായും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പുരാവസ്തു ഇനത്തില്‍പ്പെട്ട തളിപ്പാത്രമാണ് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടത്.

മോഷണവുമായി ബന്ധപ്പെട്ട് നാല് പ്രതികളെയാണ് പോലീസ് പിടികൂടിയിട്ടുള്ളത്. മൂന്നുസ്ത്രീകള്‍ അടക്കമുള്ള പ്രതികള്‍ ഹരിയാനയില്‍ വെച്ചാണ് പിടിയിലായത്. ഇന്ത്യയില്‍ ജനിച്ച് ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയയാളും പിടിയിലായവരിലുള്‍പ്പെടുന്നു. ദര്‍ശനത്തിന് വേണ്ടിയാണ് ക്ഷേത്രത്തിലെത്തിയതെന്നും പെട്ടെന്ന് തോന്നിയപ്പോള്‍ തളിപ്പാത്രം എടുത്തുകൊണ്ടുപോകുകയായിരുന്നുവെന്നുമാണ് ഇവര്‍ പറയുന്നത്. അതീവ സുരക്ഷാ മേഖലയിലാണ് മോഷണം നടന്നത് എന്നത് സുരക്ഷാവീഴ്ച സംബന്ധിച്ചുമുള്ള ആശങ്കളും ഉയര്‍ത്തുന്നുണ്ട്.

സംസ്ഥാനപോലീസിന്റേയും കേന്ദ്രസേനയുടേയും സുരക്ഷാവലയത്തിലുള്ള സ്ഥലത്തുനിന്നാണ് സംഭവം നടക്കുന്നത്. അതിനാല്‍ തന്നെ വളരെ ഗൗരവത്തോടെയാണ് പോലീസ് ഇക്കാര്യങ്ങള്‍ അന്വേഷിക്കുന്നത്. സാധാരണഗതിയില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഒരാള്‍ക്ക് ദര്‍ശനം നടത്തി മടങ്ങണമെങ്കില്‍ തന്നെ നിരവധി സുരക്ഷാപരിശോധനകള്‍ നേരിടേണ്ടതായിട്ടുണ്ട്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളുള്ള ക്ഷേത്രമാണിത്. അവിടെ ഇത്തരത്തിലൊരു മോഷണം നടന്നുവെന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്.

ഒക്ടോബര്‍ 13 ന് രാവിലെയാണ് ക്ഷേത്രത്തില്‍ മോഷണം നടക്കുന്നത്. മോഷണം നടന്നതെന്നറിഞ്ഞ് ഒരു ഉദ്യോഗസ്ഥന്‍ 18-ാം തീയതിയാണ് സംഭവം പോലീസിലറിയിക്കുന്നത്. ഫോര്‍ട്ട് പോലീസിന്റെ വിശദമായ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. കേരള പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ഹരിയാണ പോലീസാണ് പ്രതികളെ പിടികൂടുന്നത്. പ്രതികളെക്കുറിച്ച് വിശദമായ അന്വേഷണത്തിനാണ് പോലീസ് ഒരുങ്ങുന്നത്. ഇവര്‍ക്ക് മറ്റേതെങ്കിലും മോഷണസംഘവുമായി ബന്ധമുണ്ടോ എന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. കേരള പോലീസിന്റെ സംഘം ഹരിയാണയിലെത്തി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തതിന് ശേഷം കൂടുതല്‍ വ്യക്തത വരുത്താനുള്ള നീക്കത്തിലാണ് പോലീസ്.