യൂത്ത് കോൺഗ്രസ് നേതാക്കളായ ഷാനിബും വിമലും

പാലക്കാട് : ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് യു.ഡി.എഫ്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവും കെ.എസ്.യു. മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന എ.കെ.ഷാനിബിന് പിന്നാലെ തൃത്താല കപ്പൂര്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് പി.ജി. വിമലും പാര്‍ട്ടി വിടുന്നതായി അറിയിച്ചു.

എ.കെ.ഷാനിബിനൊപ്പം പാര്‍ട്ടി വിടുന്നുവെന്നാണ് വിമല്‍ അറിയിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന വിവരം പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍, ഇനി മറ്റൊരു പാര്‍ട്ടിയിലേക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ശനിയാഴ്ചയാണ് കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി ഷാനിബ് അറിയിച്ചത്. എം.എല്‍.എയെ ഇവിടെനിന്ന് കൊണ്ടുപോയി ബി.ജെ.പി. രണ്ടാം സ്ഥാനത്തുള്ള സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്ന് ആര്‍ക്കായിരുന്നു നിര്‍ബന്ധമെന്ന് പാര്‍ട്ടി വിടുകയാണെന്ന് അറിയിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഷാനിബ് ചോദിച്ചിരുന്നു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയതിന് പിന്നാലെ വലിയ വിവാദങ്ങളാണ്.

ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവായിരുന്ന പി.സരിനാണ് ആദ്യം പാര്‍ട്ടി വിട്ടത്. പിന്നാലെ ഇടതുപാളയത്തിലെത്തിയ സരിന്‍ പാലക്കാട്ടെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്.