പ്രതീകാത്മക ചിത്രം

കൊച്ചി : കൊച്ചിയില്‍ അലന്‍വാക്കറുടെ സംഗീതനിശയ്ക്കിടെ നടന്ന കൂട്ട മൊബൈല്‍ഫോണ്‍ കവര്‍ച്ചയില്‍ നാലുപ്രതികള്‍ പിടിയിലായി. ഡല്‍ഹി സ്വദേശികളായ അതീഖുല്‍ റഹ്‌മാന്‍(38) വാസിം അഹമ്മദ്(31) മഹാരാഷ്ട്ര താനെ സ്വദേശി സണ്ണി ഭോലാ യാദവ്(28) യു.പി. സ്വദേശി ശ്യാം പല്‍വാല്‍ എന്നിവരാണ് പിടിയിലായത്. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍നിന്നാണ് പ്രതികളെ പിടികൂടിയതെന്നും ഡല്‍ഹിയില്‍നിന്നും മുംബൈയില്‍നിന്നും എത്തിയ രണ്ട് വ്യത്യസ്തസംഘങ്ങളാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ മാധ്യമങ്ങളോട് പറഞ്ഞു. ഒക്ടോബര്‍ ആറാം തീയതി കൊച്ചിയില്‍ നടന്ന സംഗീതപരിപാടിക്കിടെയാണ് 39 മൊബൈല്‍ഫോണുകള്‍ മോഷണം പോയത്.

ഡല്‍ഹിയില്‍നിന്നും മുംബൈയില്‍നിന്നും നാലുപേര്‍ വീതമുള്ള സംഘങ്ങളാണ് മോഷണത്തിനായി കൊച്ചിയിലെത്തിയത്. അതീഖും വാസിമും ഡല്‍ഹി സംഘത്തില്‍ ഉള്‍പ്പെട്ടവരാണ്. അതീഖ് നേരത്തെ എട്ടുകേസുകളില്‍ പ്രതിയാണ്. വാസിമിനെതിരേ നാലുകേസുകളും നിലവിലുണ്ട്. ഒക്ടോബര്‍ ആറാം തീയതി രാനിവെയാണ് ഇവര്‍ ഡല്‍ഹിയില്‍നിന്ന് ട്രെയിന്‍ മാര്‍ഗം കൊച്ചിയിലെത്തിയത്. തുടര്‍ന്ന് നഗരത്തിലെ ലോഡ്ജില്‍ മുറിയെടുത്ത് സംഗീതനിശയുടെ പ്രവേശനപാസുകള്‍ വാങ്ങി. പരിപാടിക്കിടെ മോഷണം നടത്തിയസംഘം പിറ്റേദിവസം രാവിലെ ട്രെയിനില്‍ തന്നെ ഡല്‍ഹിയിലേക്ക് മടങ്ങി. മോഷ്ടിച്ച മൊബൈല്‍ഫോണുകളില്‍ ചിലത് ഇവര്‍ ഡല്‍ഹിയില്‍ വില്‍ക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് ഇവരെ പിടികൂടിയതെന്നും ഇവരില്‍നിന്ന് 20 മൊബൈല്‍ഫോണുകള്‍ കണ്ടെടുത്തതായും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.

മുംബൈ സംഘം വിമാനത്തിലാണ് കൊച്ചിയിലെത്തിയത്. സംഭവദിവസം ഉച്ചയ്ക്ക് കൊച്ചിയിലെത്തിയ ഇവര്‍ മോഷണം നടത്തി പിറ്റേദിവസം രാവിലെ വിമാനത്തില്‍ തന്നെ മുംബൈയിലേക്ക് മടങ്ങി. ഇവരില്‍നിന്ന് മൂന്ന് മൊബൈല്‍ഫോണുകള്‍ കണ്ടെടുത്തിട്ടുണ്ട്. രണ്ട് സംഘങ്ങളും തമ്മില്‍ ബന്ധമുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. ഡല്‍ഹിസംഘത്തില്‍ ഉള്‍പ്പെട്ട വാസിം നേരത്തെ ബെംഗളൂരുവില്‍ നടന്ന സംഗീതനിശയ്ക്കിടെ മോഷണം നടത്തിയ കേസിലും പ്രതിയായിരുന്നു. മോഷണംപോയ ചില ഫോണുകളുടെ ലൊക്കേഷന്‍ തിരിച്ചറിഞ്ഞതും ബെംഗളൂരു കേസിലെ വിവരങ്ങളുമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. മോഷണം നടത്തിയ ഫോണുകള്‍ മറിച്ചുവില്‍ക്കുകയായിരുന്നു പ്രതികളുടെ രീതിയെന്നും കമ്മീഷണര്‍ പറഞ്ഞു.