എസ്.ശാരു,ലാലുമോൻ
പുത്തൂർ : സൗഹൃദത്തിലായിരുന്ന യുവതിയെ വെട്ടിക്കൊന്ന് യുവാവ് ജീവനൊടുക്കി. പുത്തൂർ എസ്.എൻ.പുരം കാരിക്കുഴി ലക്ഷംവീട് ഷാജി മന്ദിരത്തിൽ എസ്.ശാരു (25), എസ്.എൻ.പുരം വല്ലഭൻകര പാലക്കോട്ട് ലാൽ സദനിൽ ലാലുമോൻ (36) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വല്ലഭൻകരയിലെ ലാലുമോന്റെ വീട്ടിലായിരുന്നു സംഭവം.
യുവതിയുടെ നിലവിളികേട്ട് സമീപവാസികളും ലാലുവിന്റെ ബന്ധുവും ഓടിയെത്തിയപ്പോൾ വാതിൽ പുറത്തുനിന്നു കുറ്റിയിട്ടനിലയിലായിരുന്നു. തുറന്നുനോക്കിയപ്പോൾ ശരീരമാകെ വെട്ടേറ്റ് ചോരയിൽ കുളിച്ചനിലയിൽ ശാരുവിനെയും അതേ മുറിയിൽ ഷീറ്റിട്ട മേൽക്കൂരയിലെ പൈപ്പിൽ തൂങ്ങിയനിലയിൽ ലാലുമോനെയും കാണുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി ശാരുവിനെ ആശുപത്രിയിലാക്കിയെങ്കിലും രക്ഷിക്കാനായില്ല. വെട്ടാൻ ഉപയോഗിച്ചതെന്നു കരുതുന്ന കൊടുവാളും മുറിയിൽനിന്ന് പോലീസ് കണ്ടെടുത്തു. ശാരുവിന്റെ കൈകൾ രണ്ടും വെട്ടേറ്റ് തൂങ്ങിയനിലയിലായിരുന്നു. തലയിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ശാരുവും ലാലുമോനും മൂന്നുവർഷമായി സൗഹൃദത്തിലായിരുന്നു. രണ്ടുവർഷംമുൻപ് വിവാഹവാഗ്ദാനം നിരസിച്ചതിനെ തുടർന്ന് എസ്.എൻ.പുരത്തെ റബ്ബർ തോട്ടത്തിൽവെച്ച് കെട്ടിയിട്ട് ഉപദ്രവിക്കുകയും കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്നുള്ള ശാരുവിന്റെ പരാതിയിൽ ലാലുമോനെ അറസ്റ്റുചെയ്യുകയും റിമാൻഡിലാകുകയും ചെയ്തിരുന്നു. ഈ കേസ് ഇപ്പോഴും നടന്നുവരികയാണ്. ഇതിനിടെ ശാരുവിന്റെ വിവാഹവും നടന്നു. എന്നാൽ വീണ്ടും ഇവർ തമ്മിലുള്ള അടുപ്പം തുടർന്നത്രേ. വെള്ളിയാഴ്ച ശാരു ലാലുമോന്റെ വീട്ടിലെത്തി. ഇവിടെവെച്ചുണ്ടായ വാക്കുതർക്കവും മുൻപ് തന്റെ പേരിൽ കേസ് നൽകിയതിലുള്ള ദേഷ്യവുമാകാം അക്രമത്തിനു കാരണമെന്നാണ് നിഗമനം.
ശാരു നൽകിയ കേസിൽ ജയിലിൽനിന്നിറങ്ങിയ ലാലുമോൻ പാവുമ്പയിൽ സഹോദരിയുടെ വീട്ടിലായിരുന്നു കുറച്ചുനാൾ താമസിച്ചിരുന്നത്. ഒരുമാസംമുൻപാണ് വല്ലഭൻകരയിൽ തിരിച്ചെത്തിയത്. ഇവിടെ ഒറ്റയ്ക്കായിരുന്നു താമസമെന്നും പോലീസ് പറയുന്നു. ശാസ്താംകോട്ട ഡിവൈ.എസ്.പി. ജലീൽ തോട്ടത്തിൽ, എ.എസ്.എച്ച്.ഒ. ബാബുക്കുറുപ്പ്, എസ്.ഐ.മാരായ ടി.ജെ.ജയേഷ്, ഷോജി, ഒ.പി.മധു, സന്തോഷ്, സുരേഷ്‌കുമാർ എന്നിവരുടെ നേതൃത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
