പി.പി. ദിവ്യ

കണ്ണൂർ∙ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ മുൻകൂർ ജാമ്യാപേക്ഷ നൽകി. തലശ്ശേരി പ്രിൻ‌സിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. ജില്ലാ കലക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നാണ് ദിവ്യ ഹര്‍ജിയില്‍ പറയുന്നത്. തന്‍റെ പ്രസംഗം സദുദ്ദേശ്യപരമായിരുന്നെന്നും ദിവ്യ ജാമ്യ ഹര്‍ജിയിൽ പറയുന്നു. ഹര്‍ജി കോടതി നാളെ പരിഗണിക്കും.

ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയത് ചോദ്യം ചെയ്തുകൊണ്ടാണ് ദിവ്യയുടെ ഹര്‍ജി. കേസില്‍ അറസ്റ്റിനുള്ള സാധ്യതയുണ്ട്. അതിനാല്‍ അറസ്റ്റ് തടയണമെന്നും ദിവ്യ ആവശ്യപ്പെടുന്നു. കലക്ടറേറ്റില്‍ മറ്റൊരു പരിപാടിയില്‍ സംബന്ധിക്കുമ്പോഴാണ് കലക്ടര്‍ ഈ പരിപാടിയിലേക്ക് ക്ഷണിച്ചത്. അവിടെയെത്തിയപ്പോള്‍ തന്നെ സംസാരിക്കാനായി ക്ഷണിച്ചതും കലക്ടറാണെന്നും ദിവ്യ ഹർജിയിൽ‌ പറയുന്നു.

കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് സംസാരിച്ചപ്പോള്‍ തനിക്ക് അറിയാവുന്ന കാര്യങ്ങളാണ് പറഞ്ഞത്. അത് സദുദ്ദേശ്യത്തോടെയായിരുന്നു. ഏതെങ്കിലും തരത്തില്‍ ആത്മഹത്യയിലേക്ക് തള്ളിവിടാനുള്ള ഒരു പ്രേരണയും തന്റെ സംസാരത്തില്‍ ഉണ്ടായിരുന്നില്ല. ഒരു അഴിമതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജിയിൽ പറയുന്നു.

കേസില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ദിവ്യക്കെതിരെ കേസ് എടുത്തത്. പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ദിവ്യയെ പ്രതി ചേര്‍ത്ത് ഇന്നലെ കോടതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എഡിഎമ്മിന്റെ മരണം വിവാദമായതിനു പിന്നാലെ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നു സിപിഎം മാറ്റിയിരുന്നു.