രോഹിത് ശർമയുടെ വിക്കറ്റ് വീണപ്പോൾ (ഇടത്), നിരാശനായി രോഹിത് ശർമ (വലത്). ചിത്രങ്ങൾ: X

ബെംഗളൂരു ∙ ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 356 റൺസ് ലീഡ് വഴങ്ങിയെങ്കിലും രണ്ടാം ഇന്നിങ്സിൽ രണ്ടും കൽപ്പിച്ചാണ് ടീം ഇന്ത്യ ഇറങ്ങിയത്. ഓപ്പണർമാർ ചേർന്ന മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. ക്യാപ്റ്റൻ രോഹിത് ശർമ അർധസെഞ്ചറി തികയ്ക്കുകയും ചെയ്തു. എന്നാൽ തികച്ചു നിർഭാഗ്യകരമായിട്ടാണ് രോഹിത്തിന്റെ വിക്കറ്റ് വീണത്.

കിവീസ് സ്പിന്നർ അജാസ് പട്ടേലിന്റെ പന്തിലാണ് രോഹിത് ഔട്ടായത്. ഓഫ് സ്റ്റംപ് ലക്ഷ്യമാക്കി അജാസ് എറിഞ്ഞ ബോൾ, ഡിഫൻഡ് ചെയ്യുന്നതിനായി രോഹിത് മുന്നോട്ടു കുനിഞ്ഞു. എന്നാൽ പന്ത് ഗ്രൗണ്ടിൽ ബൗൺസ് ചെയ്യുകയും ഉരുണ്ട് ചെന്ന് സ്റ്റംപിൽ തട്ടുകയുമായിരുന്നു. തീർത്തും അപ്രതീക്ഷിതമായ വിക്കറ്റിൽ രോഹിത് നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. അൽ‌പനേരം ക്രീസിൽ നിരാശനായി നിന്ന ശേഷമാണ് രോഹിത് നടന്നുനീങ്ങിയത്.

ഒന്നാം വിക്കറ്റിൽ യശ്വസി ജയ്‌സ്വാളും രോഹിത്തും ചേർന്ന് 72 റൺസാണ് കൂട്ടിച്ചേർത്തത്. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സ്കോർ കണ്ടെത്തുന്നതിനായിരുന്നു ഇരുവരുടെയും ശ്രമം. 63 പന്തിലാണ് രോഹിത് 52 റൺസെടുത്തത്. ഒരു സിക്സും എട്ടു ഫോറുമാണ് രോഹിത്തിന്റെ ബാറ്റിൽനിന്നു പിറന്നത്. രോഹിത്തിനെ കൂടാതെ വിരാട് കോലി, സർഫ്രാസ് ഖാൻ എന്നിവരും രണ്ടാം ഇന്നിങ്സിൽ അർധസെഞ്ചറി തികച്ചു.

രണ്ടാം ഇന്നിങ്സിൽ ഇന്ന് സ്റ്റമ്പ് എടുക്കുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 49 ഓവറിൽ 231 റൺസ് എടുത്തിട്ടുണ്ട്. 48 ആം ഓവറിലെ അവസാനപ്പന്തിൽ ഇന്ത്യക്ക് വിരാട് കൊഹ്‌ലിയെ നഷ്ടമായി. 102 പന്തിൽ 8 ഫോറുകളുടെയും ഒരു സിക്സും സഹിതം 70 റൺസാണ് വിരാട് കോഹ്ലി നേടിയത്. ഗ്ലെൻ ഫിലിപ്സിന്റെ ബോളിൽ ടോം ബ്ലെൻഡലിനു ക്യാച്ച് നൽകിയാണ് താരം പുറത്തയത്. കളി അവസാനിക്കുമ്പോൾ പുറത്തകാതെ 78 പന്തിൽ 7 ഫോറിന്റെയും 3 സിക്സും ഉൾപ്പെടെ 70 റൺസ് എടുത്ത സർഫറാസ് ഖാനാണ് ക്രീസിലുള്ളത്.

ന്യൂസീലൻഡിനായി അജാസ് പട്ടേൽ 2 ഉം ഗ്ലെൻ ഫിലിപ്സ് ഒരു വിക്കറ്റും നേടി.