സെഞ്ചറി നേടിയ ചിൻ രവീന്ദ്രയുടെ ആഘോഷം
ബെംഗളൂരു ∙ ഇന്ത്യയ്ക്കെതിരായ ടെസ്റ്റിൽ ന്യൂസീലൻഡിന് 356 റൺസ് ഒന്നാം ഇന്നിങ്സ് ലീഡ്. ആദ്യ ഇന്നിങ്സിൽ 402 റൺസിന് ന്യൂസീലൻഡ് ഓൾ ഔട്ടായി. സെഞ്ചറി നേടിയ ഇന്ത്യൻ വംശജനായ രചിൻ രവീന്ദ്ര (157 പന്തിൽ 134), അർധസെഞ്ചറി നേടിയ ഡെവോൺ കോൺവേ (105 പന്തിൽ 91), ടിം സൗത്തി (73 പന്തിൽ 65) എന്നിവരുടെ ബാറ്റിങ്ങാണ് കിവീസിന് മികച്ച ലീഡ് സമ്മാനിച്ചത്. ഹോം ടെസ്റ്റിൽ 12 വർഷത്തിനുശഷമാണ് ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 200 റൺസിലധികം ലീഡ് വഴങ്ങുന്നത്. 2012ൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 207 റൺസ് ലീഡ് വഴങ്ങിയിരുന്നു. ഒരു കിവീസ് താരം ഇന്ത്യൻ മണ്ണിൽ സെഞ്ചറി നേടുന്നതും 12 വർഷത്തിനു ശേഷമാണ്.
ഒന്നാം ഇന്നിങ്സിൽ 3ന് 180 എന്ന നിലയിൽ മൂന്നാം ദിനം കളി പുനഃരാരംഭിച്ച ന്യൂസീലൻഡിന് ആദ്യ സെഷനിലെ 15 ഓവറിനുള്ളിൽ നാല് വിക്കറ്റ് നഷ്ടമായിരുന്നു. എട്ടാം വിക്കറ്റിൽ ഒന്നിച്ച രചിൻ–ടിം സൗത്തി സഖ്യമാണ് ന്യൂസീലൻഡിനെ പിന്നീട് മുന്നോട്ടു നയിച്ചത്. ഇരുവരും ചേർന്ന് 137 റൺസാണ് കൂട്ടിച്ചേർത്തത്. നാല് സിക്സും 11 ഫോറുമാണ് രചിന്റെ ബാറ്റിൽനിന്ന് പിറന്നത്. സൗത്തി നാല് സിക്സും അഞ്ച് ഫോറും അടിച്ചു.
നാലമാനായി എത്തിയ രചിൻ, ഏറ്റവും അവസനമാണ് പുറത്തായത്. ഇതുകൂടാതെ ഡാരിൽ മിച്ചൽ (49 പന്തിൽ 18), ടോം ബ്ലൻഡൽ (8 പന്തിൽ 5), ഗ്ലെൻ ഫിലിപ്സ് (18 പന്തിൽ 14), മാറ്റ് ഹെന്ററി (9 പന്തിൽ 8), ടിം സൗത്തി (73 പന്തിൽ 65), അജാസ് പട്ടേൽ (8 പന്തിൽ 4) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസീലൻഡിനു നഷ്ടമായത്. ഇന്ത്യയ്ക്കായി കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ മൂന്നു വിക്കറ്റ് വീതവും സിറാജ് രണ്ടു വിക്കറ്റും ബുമ്ര, അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴത്തി.
