നവീൻ ബാബു, പി.പി.ദിവ്യ

തിരുവനന്തപുരം ∙ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി.പി.ദിവ്യയ്ക്കെതിരെ പരാതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്‌മാന് കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ അംഗം വി.പി.ദുൽഖിഫിലാണു പരാതി നൽകിയത്. എഡിഎമ്മിന്റെ മരണത്തിൽ അന്വേഷണം നടത്തണമെന്നും ദിവ്യയെ നേരിട്ട് വിളിച്ചുവരുത്തണം എന്നും പരാതിയിൽ ആവശ്യപ്പെട്ടു.

ണ്ണൂർ കലക്ടറേറ്റിൽ എഡിഎമ്മിന്റെ യാത്രയയപ്പുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അധികാര ദുർവിനിയോഗം നടത്തി. കൈക്കൂലി വാങ്ങുന്നതു പോലെ കൊടുക്കുന്നതും നിയമവിരുദ്ധമാണ്. നിലവിൽ കൈക്കൂലി കൊടുത്തതെന്നു സ്വമേധയാ സമ്മതിച്ച വ്യക്തിയും കുറ്റക്കാരനാണ്. ഇത് മറച്ചുവച്ചതു ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞാ ലംഘനമാണ്.

സെക്‌ഷൻ 173, ഷെഡ്യൂൾ 5-ാം പട്ടിക, സെക്‌ഷൻ 185എ തുടങ്ങിയ പഞ്ചായത്ത് രാജ് നിയമങ്ങൾ ലംഘിച്ച ദിവ്യയുടെ അംഗത്വവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അയോഗ്യമാക്കണം. ഇതു പരസ്യമായി പറഞ്ഞു നവീനെ മാനസികവും ശാരീരികവുമായി തളർത്തിയത് അധികാര ദുർവിനിയോഗമാണെന്നും വിഡിയോ സഹിതം നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.