പ്രതീകാത്മക ചിത്രം

ന്യൂഡൽഹി ∙ ട്രെയിൻ ടിക്കറ്റ് ബുക്കിങ് സമയത്തിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. നേരത്തേ 120 ദിവസം മുൻപ് റിസർവ് ചെയ്യാമായിരുന്നത് ഇനി മുതൽ 60 ദിവസം മുൻപു മാത്രമാക്കി. നവംബർ 1 മുതൽ മാറ്റം നിലവിൽ വരും. നവംബര്‍ ഒന്നിനു മുൻപു ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ പുതിയ നിയമം ബാധകമാകില്ല.

പെട്ടെന്നു യാത്രകള്‍ തീരുമാനിക്കുന്നവരെ കൂടി കണക്കിലെടുത്താണു തീരുമാനമെന്നും പരമാവധി സൗകര്യപ്രദമായ യാത്രാനുഭവം നൽകലാണു ലക്ഷ്യമെന്നും റെയില്‍വേ അറിയിച്ചു. വിദേശ വിനോദസഞ്ചാരികള്‍ക്കു യാത്രാ തീയതിക്ക് 365 ദിവസം മുൻപ് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ ആനുകൂല്യം തുടരും. പകല്‍ സമയത്തോടുന്ന താജ് എക്സ്പ്രസ്, ഗോംതി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ കാര്യത്തിലും പഴയ നയം തന്നെയാകും. പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാൻ നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുമെന്നും റെയില്‍വേ വ്യക്തമാക്കി.