വിരാട് കോലി ബെംഗളൂരുവിൽ ബാറ്റിങ് പരിശീലനത്തിനിടെ
ബെംഗളൂരു : ഇന്ത്യ – ന്യൂസീലന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മഴ കാരണം വൈകുന്നു. ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഇതുവരെ ടോസിടാന്‍ പോലും സാധിച്ചിട്ടില്ല.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. കിവീസിനെതിരായ പരമ്പരയിലെ മൂന്നുമത്സരങ്ങളും ജയിച്ച് പരമാവധി പോയിന്റുനേടാനുള്ള വ്യഗ്രതയിലാണ് ഇന്ത്യ. അങ്ങനെയെങ്കില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍സ്ഥാനം ഏറക്കുറെ ഉറപ്പിക്കാം. അതിനിടെയാണ് ബെംഗളൂരുവില്‍ മഴ കനത്തത്. മത്സരം നടക്കേണ്ട ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ച് മൂടിയിട്ടിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ മുതല്‍ തുടര്‍ച്ചയായി മഴപെയ്യുന്നു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധിനല്‍കിയിട്ടുമുണ്ട്. ആദ്യ രണ്ടുദിവസം മഴ കളിമുടക്കാന്‍ സാധ്യതയേറെയാണ്.

ഇപ്പോള്‍ പോയിന്റുപട്ടികയില്‍ മുന്നിലുള്ള ഇന്ത്യക്ക് ഇതുകഴിഞ്ഞാല്‍ ഓസ്‌ട്രേലിയക്കെതിരേ അഞ്ചു ടെസ്റ്റുകളുണ്ട്. അത് അവരുടെ നാട്ടിലാണ്. അടുത്ത ജൂണില്‍ ലണ്ടനിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍.
ടിം സൗത്തി നായകസ്ഥാനത്തുനിന്നു മാറിയതിന്റെ ആശങ്കകളുണ്ട് കിവീസിന്. പകരം സ്ഥാനമേറ്റെടുത്ത ടോം ലാഥത്തിന് നായകസ്ഥാനത്ത് വലിയ പരിചയസമ്പത്തില്ല. അതിനിടെ, മുന്‍നായകന്‍ കെയ്ന്‍ വില്യംസണ് പരിക്കേറ്റതും തിരിച്ചടിയായി. വില്യംസണ്‍ ആദ്യ ടെസ്റ്റില്‍ കളിക്കില്ല. ഈയിടെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര 2-0ത്തിന് തോറ്റതും കിവീസിന്റെ ആത്മവിശ്വാസത്തെ ബാധിക്കും.

Photo: AFP
