മേഘനാഥൻ
കൊല്ലം : ഭക്ഷണപ്പൊതി വാങ്ങിവെക്കാത്തത് ചോദ്യംചെയ്തയാളെ കുത്തിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 25,000 രൂപ പിഴയും. കല്ലുവാതുക്കൽ ചിറക്കര കാഞ്ഞിരവിള പുത്തൻവീട്ടിൽ മണികണ്ഠക്കുറുപ്പിനെ (57) കൊലപ്പെടുത്തിയ കേസിൽ തിരുനെൽവേലി രാധാപുരം കാമരാജ് നഗർ സ്വദേശി മേഘനാഥനാണ് (62) കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്‍ജി ജി.ഗോപകുമാർ ശിക്ഷ വിധിച്ചത്.
2020 ഡിസംബർ 20-ന് ഉച്ചയ്ക്ക് 2.30-ന് കൊല്ലം ക്യു.എ.സി. മൈതാനത്തോടു ചേർന്നുള്ള റോഡരികിൽവെച്ചാണ് കേസിനാസ്പദമായ സംഭവം. മേഘനാഥനും മണികണ്ഠക്കുറുപ്പും വിശ്രമിക്കുന്ന സ്ഥലത്ത് സന്നദ്ധസംഘടനകൾ പതിവായി പൊതിച്ചോറ് നൽകുമായിരുന്നു. ഇരുവരും ഇരിക്കുന്നതും അടുത്തടുത്തായിരുന്നു. അന്നത്തെ ദിവസം ഭക്ഷണപ്പൊതി വിതരണം ചെയ്തപ്പോൾ മേഘനാഥനു സമീപം മണികണ്ഠക്കുറുപ്പ് ഉണ്ടായിരുന്നില്ല. മടങ്ങിവന്നപ്പോൾ തനിക്കുവേണ്ടി പൊതി വാങ്ങിവയ്ക്കാഞ്ഞതെന്തെന്ന് മേഘനാഥനോടു ചോദിച്ച് കുറുപ്പ് ക്ഷുഭിതനായി. പരസ്യമായി ചോദ്യംചെയ്തതിന്റെ വിരോധത്തിൽ മേഘനാഥൻ സഞ്ചിയിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് മണികണ്ഠക്കുറുപ്പിന്റെ നെഞ്ചത്ത് കുത്തുകയായിരുന്നു. ആഴത്തിൽ മുറിവേറ്റു തളർന്നുവീണ കുറുപ്പിനെ വിവരമറിഞ്ഞെത്തിയ ഈസ്റ്റ് പോലീസ് എസ്.ഐ. ദിൽജിത് ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ഹോട്ടൽ തൊഴിലാളിയായിരുന്നു കുറുപ്പ്.
കൊല്ലം ഈസ്റ്റ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന എ.നിസാർ അന്വേഷിച്ച കേസിൽ പിന്നീട് സർക്കിൾ ഇൻസ്പെക്ടർ ബി.എം.ഷാഫിയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകരായ ആർ.സേതുനാഥ്, മിലൻ എം.മാത്യു, പി.ബി.സുനിൽ, ബി.ആമിന എന്നിവരും സഹായിയായി എസ്.ഐ. ആർ.പ്രദീപ്‌കുമാറും ഹാജരായി.
