നവീൻ ബാബു

കണ്ണൂര്‍ : ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ച എ.ഡി.എം. മരിച്ച നിലയിൽ. കണ്ണൂർ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീൻ ബാബുവിനെയാണ് അദ്ദേഹത്തിന്റെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ പള്ളിക്കുന്നിലുള്ള അദ്ദേഹത്തിൻ്റെ ക്വാട്ടേഴ്സിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ടനീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്.

പത്തനംതിട്ട എ.ഡി.എം. ആയി ചൊവ്വാഴ്ച ചുമതലയേല്‍ക്കാന്‍ ഇരിക്കെയാണ് മരണം. പത്തനംതിട്ട മലയാലപ്പുഴ പത്തിശേരി സ്വദേശിയാണ് നവീന്‍ ബാബു. രാത്രി 9 മണിയുടെ ട്രെയിന് പത്തനംതിട്ടയ്ക്ക് പോകുമെന്നായിരുന്നു അയല്‍വാസികളോട് പറഞ്ഞിരുന്നത്. രാത്രി ലൈറ്റ് കാണാതിരുന്നപ്പോള്‍ വീട്ടില്‍ നിന്ന് പോയി എന്നാണ് കരുതിയത്.

യാത്രയയപ്പ് ചടങ്ങിനിടെ അപ്രതീക്ഷിതമായി എത്തിയ പി.പി. ദിവ്യ പരസ്യമായി ആരോപണം ഉന്നയിക്കുകയായിരുന്നു.