നോർവേയെ 5–1ന് തോൽപ്പിച്ച ഓസ്ട്രിയൻ ടീമിന്റെ വിജയാഘോഷം (യുവേഫ പങ്കുവച്ച ചിത്രം)
വിയന്ന ∙ യുവേഫ നേഷൻസ് ലീഗിൽ സൂപ്പർതാരം എർലിങ് ഹാലണ്ടിന്റെ നോർവേയ്‌ക്കെതിരെ തകർപ്പൻ വിജയം സ്വന്തമാക്കി ഓസ്ട്രിയ. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഓസ്ട്രിയയുടെ വിജയം. മാർക്കോ അർണോടോവിച്ചിന്റെ ഇരട്ടഗോളും (8, 49–പെനൽറ്റി) ലിൻഹാർട്ട് (58), പോഷ് (62), ഗ്രിഗോറിഷ് (71) എന്നിവരുടെ ഗോളുകളുമാണ് ഓസ്ട്രിയയ്ക്ക് വിജയമൊരുക്കിയത്. നോർവേയുടെ ആശ്വാസഗോൾ സോർലോത് 39–ാം മിനിറ്റിൽ നേടി.
മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട് ഫിൻലൻഡിനെ 3–1നും ഗ്രീസ് റിപ്പബ്ലിക്ക് ഓഫ് അയർലൻഡിനെ 2–0നും തോൽപ്പിച്ചു. ജാക്ക് ഗ്രീലിഷ് (18–ാം മിനിറ്റ്), അലക്സാണ്ടർ അർണോൾഡ് (74), ഡെക്ലാൻ റൈസ് (84) എന്നിവരാണ് ഇംഗ്ലണ്ടിനായി ഗോൾ നേടിയത്. ഫിൻലൻഡിന്റെ ആശ്വാസഗോൾ ഹോസ്കോനെൻ (87) നേടി.
മറ്റു മത്സരങ്ങളിൽ മാൾട്ട മോൾഡോവയെയും (1–0), സ്ലൊവേനിയ കസഖിസ്ഥാനെയും (1–0), നോർത്ത് മാസിഡോണിയ അർമേനിയയെയും (2–0) തോൽപ്പിച്ചു.
