അപകടത്തിൽ മരിച്ച മുഹമ്മദ് ജസീം, അപകടത്തിൽപ്പെട്ട ബൈക്ക്
കോഴിക്കോട് : മുക്കം വട്ടോളി പറമ്പില്‍ ബൈക്ക് മതിലില്‍ ഇടിച്ച് 19-കാരന്‍ മരിച്ചു. അമ്പലക്കണ്ടി കുഴിമ്പാട്ടില്‍ ചേക്കുവിന്റെ മകന്‍ മുഹമ്മദ് ജസീം ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ മുഹമ്മദ് ജിന്‍ഷാദ് പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച പുലര്‍ച്ചെ 1.45-ഓടെയാണ് അപകടമുണ്ടായത്.
കോഴിക്കോട് നഗരത്തില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട ബുള്ളറ്റ് മതിലില്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യുവാവ് മതിലില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നു. മുക്കം ഫയര്‍ ഫോഴ്സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ജസീമിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച അമ്പലക്കണ്ടി പുതിയോത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. വേങ്ങര പി.പി.ടി.എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ബി.കോം (സി.എ) രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ജസീം.
