ക്രിസ് ബംസ്റ്റഡ് , കുടുംബത്തോടൊപ്പം ക്രിസ് ബംസ്റ്റഡ്| ഫോട്ടോ: Instagram/ @cbum
സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറും കനേഡിയന്‍ ബോഡി ബിൽഡിങ് താരവുമായ ക്രിസ് ബംസ്റ്റഡ് തന്റെ 29-ാം വയസ്സില്‍ ബോഡി ബിൽഡിങിൽ നിന്ന് വിരമിച്ചു. ലാസ് വേഗാസില്‍ നടന്ന 2024-ലെ ക്ലാസിക് ഫിസിക് ഒളിമ്പ്യ ഫൈനല്‍ വിജയിച്ച ശേഷമുള്ള അഭിമുഖത്തിലായിരുന്നു വിരമിക്കൽ പ്രഖ്യാപനം. സിബം(cbum) എന്ന പേരിലാണ് ആറുതവണ ക്ലാസിക് ഫിസിക്ക് ഒളിമ്പ്യ ജേതാവായ ക്രിസ് ബംസ്റ്റഡ് അറിയപ്പെടുന്നത്.
ഫിറ്റ്നസ് പ്രേമികളുടെ ആരാധനപാത്രമായ അര്‍ണോള്‍ഡ് അലോയിസും റോണീ കോള്‍മാനും ശേഷം സമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ ആരാധകരേറെയുള്ള ബോഡി ബിൽഡറാണ് ക്രിസ് ബംസ്റ്റഡ്. ബോഡി ബിൽഡര്‍മാരുടെ പ്രചോദനമായ ക്രിസ് 2019-ലാണ് ആദ്യമായി ക്ലാസിക് ഫിസിക് ഒളിമ്പ്യ ജേതാവാകുന്നത്. 24.6 മില്യണ്‍ ഫോളോവഴേ്‌സാണ് ക്രിസിന് ഇന്‍സ്റ്റഗ്രാമിലുള്ളത്.
2016-ല്‍ നടന്ന ഐഎഫ്ബിബി ( ഇന്റര്‍നാഷണല്‍ ഫിറ്റ്‌നെസ് ആൻ്റ് ബോഡിബിൽഡിങ് ഫെഡറേഷന്‍) നോര്‍ത്ത് അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടിയായിരുന്നു ക്രിസിന്റെ ബോഡി ബിൽഡിങ് മത്സര ജീവിതം ആരംഭിക്കുന്നത്.
ബോഡി ബിൽഡിങ്ങിൽ തനിക്ക് പിന്നില്‍ വരുന്നവര്‍ക്ക് പ്രചോദനമകുന്ന രീതിയില്‍ താന്‍ പ്രവര്‍ത്തിച്ചുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ക്രിസ് സംസാരിച്ചു തുടങ്ങിയത്. തന്റെ നേട്ടം കാണാന്‍ മകള്‍ ഇവിടെയുണ്ടെന്നുള്ളത് സന്തോഷമുണ്ടാക്കുന്നു. തനിക്ക് പൂർണ്ണ പിന്തുണ നൽകി കൂടെ നിന്ന ഭാര്യക്കും ക്രിസ് നന്ദി പറയുന്നുണ്ട്.
ചെറുപ്പം മുതലേ കായിക തത്പരനായിരുന്ന ക്രിസ് പതിനാലാം വയസ്സിലാണ് ബോഡി ബിൽഡിങ് മേഖലയിലേക്ക് എത്തുന്നത്. ക്രിസിന്റെ സഹോദരിയുടെ കാമുകനായിരുന്ന പ്രശസ്ത ബോഡിബിൽഡർ ഇയാന്‍ വാലിരിയായിരുന്നു ക്രിസിന്റെ ആദ്യകാല ട്രെയിനര്‍.
ഉയർച്ചയുണ്ടാകും തോറും തോൽവിയുണ്ടാകാനാകും ചുറ്റുമുള്ളവർ ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, തനിക്ക് അത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും തനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദിയെന്നും പറഞ്ഞാണ് ക്രിസ് ആറാമത് ക്ലാസിക് ഫിസിക്ക് ഒളിമ്പ്യ നേട്ടത്തിനു ശേഷം നൽകിയ അഭിമുഖം അവസാനിപ്പിച്ചത്.
