കൊയിലാണ്ടി കോളേജിന് മുന്നിൽ നടന്ന സംഘർഷത്തിൻറെ ദൃശ്യങ്ങളിൽ നിന്ന്

കൊയിലാണ്ടി : കൊയിലാണ്ടി മുചുകുന്ന് ഗവണ്‍മെന്റ് കോളേജില്‍ നടന്ന സംഘര്‍ഷത്തിന്റെ ഭാഗമായി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച ഡിവൈഎഫ്‌ഐക്കാര്‍ക്കെതിരേ പോലീസ് കേസെടുത്തു. കൊലവിളി നടത്തിയതിനും മതസ്പര്‍ദ വളര്‍ത്തുന്ന രീതിയില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

കാലിക്കറ്റ് സര്‍വകലാശാല കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് കൊയിലാണ്ടി കോളേജില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസിന്റെയും മുസ്ലിം യൂത്ത് ലീഗിന്റെയും കെ.എസ്.യുവിന്റെയും എംഎസ്എഫിന്റെയും പ്രവര്‍ത്തകര്‍ക്ക് നേരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യു.യു.സി, ജനറല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കെഎസ്‌യു-എംഎസ്എഫ് സഖ്യത്തിന്റെ സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു. എസ്.എ.എഫ്.യുടെ കുത്തകയായിരുന്ന കോളേജില്‍ കെഎസ്‌യു-എംഎസ്എഫ് സഖ്യം വിജയിച്ചതാണ് സംഘര്‍ഷങ്ങളിലേക്ക് നയിച്ചത്. ഈ സമയത്ത് കോളേജിന് സമീപത്ത് എത്തിയ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലും സംഘര്‍ഷമുണ്ടായി. ഇതിനിടെയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.

കണ്ണൂരിൽ കൊല്ലപ്പെട്ട അരിയിൽ ഷുക്കൂറിൻ്റെ അനുഭവം ഉണ്ടാകുമെന്നാണ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു., എം.എസ്.എഫ്. വിദ്യാർഥികളെ തടഞ്ഞ് വെക്കുകയും മർദ്ദിക്കുകയും ചെയ്തിരുന്നു.