സഞ്ജു സാംസൺ , അഭിഷേക് ശർമ്മ

ഹൈദരാബാദ് : ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യയുടെ കരുത്ത് പ്രകടമാക്കിയാണ് സൂര്യകുമാർ യാദവും സംഘവും ബംഗ്ലാദേശിനെതിരായ പരമ്പര സ്വന്തമാക്കിയത്. മൂന്നാം മത്സരത്തിനിറങ്ങുമ്പോൾ സമ്പൂർണവിജയമെന്ന ചിന്തയാകും ഇന്ത്യൻ ടീമിനുണ്ടാകുക. യുവതാരങ്ങളുടെ പരീക്ഷണം വിജയിച്ചതിലുള്ള ആഹ്ളാദം പരിശീലകൻ ഗൗതം ഗംഭീറിനുമുണ്ട്. ശനിയാഴ്ച രാത്രി 7.30 മുതൽ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം.

ബാറ്റിങ്ങിലും ബൗളിങ്ങിലും സന്തുലിതമായ പ്രകടനത്തിലൂടെയാണ് ഇന്ത്യ ഡൽഹിയിലും ഗ്വാളിയറിലും ജയം നേടിയത്. എതിരാളികൾക്ക് രണ്ട് കളികളിലൊരിടത്തും മേൽെെക്ക ലഭിച്ചതുമില്ല. സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസിയും പ്രകീർത്തിക്കപ്പെട്ടു. മൂന്നാം മത്സരത്തിനിറങ്ങുമ്പോൾ മലയാളിതാരം സഞ്ജു സാംസണിനും സഹഓപ്പണർ അഭിഷേക് ശർമയ്ക്കുമാണ് ആശങ്കയുള്ളത്. ടീമിലെ നിലനിൽപ്പിന് ഇരുവർക്കും മികച്ച പ്രകടനം അനിവാര്യമാണ്. ബാറ്റിങ് നിരയിൽ തിലക് വർമയ്ക്കും ജിതേഷ് ശർമയ്ക്കും അവസരം ലഭിച്ചിട്ടില്ല. ഹാർദിക് പാണ്ഡ്യക്ക് വിശ്രമം നൽകുകയാണെങ്കിൽ ഇവരിലൊരാൾ കളിച്ചേക്കും.

ബൗളിങ്ങിൽ പേസർ ഹർഷിത് റാണ, ലെഗ് സ്പിന്നർ രവി ബിഷ്‌ണോയ് എന്നിവർ കളിച്ചിട്ടില്ല. അർഷ്ദീപ് സിങ്ങിന് വിശ്രമം അനുവദിച്ച് ഹർഷിത് റാണയെ ഇറക്കാൻ സാധ്യതയേറെയാണ്. കഴിഞ്ഞ മത്സരത്തിൽ മികച്ച ഓൾറൗണ്ട് പ്രകടനം പുറത്തെടുത്ത നിധീഷ് കുമാർ റെഡ്ഡി ടീമിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ട്വന്റി -20 പരമ്പരയിൽ സമ്പൂർണ തോൽവി ഒഴിവാക്കാനാകും ബംഗ്ലാദേശ് കളത്തിലിറങ്ങുന്നത്. വിരമിക്കൽ പ്രഖ്യാപിച്ച മഹ്മ്മുദുള്ളയുടെ അവസാനമത്സരമാകുമിത്.