നിഖിത് ഷെട്ടി, പരാതിക്കാരന് നിഖിത് ഇൻസ്റ്റഗ്രാമിലൂടെ അയച്ച സന്ദേശം| ഫോട്ടോ: Instragram/ @etiosservices

ന്യൂഡല്‍ഹി : മാന്യമായ വസ്ത്രം ധരിച്ചില്ലെങ്കില്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് യുവതിക്കെതിരെ ഭീഷണി മുഴക്കിയ യുവാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് സ്വകാര്യ സ്ഥാപനം. നിഖിത് ഷെട്ടി എന്നയാള്‍ യുവതിയുടെ ഭര്‍ത്താവിന് ഇന്‍സ്റ്റഗ്രാമിലൂടെ അയച്ച സന്ദേശം സമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് ബംഗളൂരു കേന്ദ്രമായ കമ്പനി ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

‘വസ്ത്രധാരണത്തിന്റെ പേരില്‍ ഇയാള്‍ ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന ഭീഷണി മുഴക്കിയിരിക്കുകയാണ്. അത്തരത്തിലൊരു സംഭവം നടക്കുന്നതിന് മുമ്പ് ഇയാള്‍ക്കെതിരെ നടപടിയെടുക്കണം’ യുവതിയുടെ ഭര്‍ത്താവ് ഷഹബാസ് അന്‍സാര്‍ എക്‌സിലൂടെ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. കര്‍ണാടക മുഖ്യമന്ത്രിയെയും ഡി.ജി.പി.യെയും ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റില്‍ നിഖിത് ഷെട്ടി ഇന്‍സ്റ്റഗ്രാമിലൂടെ അയച്ച ഭീഷണി സന്ദേശം അടങ്ങുന്ന സ്‌ക്രീന്‍ഷോട്ടും ഷഹബാസ് പങ്കുവെച്ചിരുന്നു. പോസ്റ്റ് ചര്‍ച്ചയായതോടെ നിഖിത് ഷെട്ടി ജോലി ചെയ്യുന്ന സ്ഥാപനത്തെ ഇന്‍സ്റ്റഗ്രാമിലൂടെ മറ്റുള്ളവര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ജോലി ചെയ്യുന്ന ഡിജിറ്റല്‍ സര്‍വ്വീസ് സ്ഥാപനത്തേ ടാഗ് ചെയ്തുകൊണ്ട് ഷഹബാസ് ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് പങ്കുവെച്ചു. ഇതിനെതുടര്‍ന്നാണ് ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി അറിയിച്ചുകൊണ്ട് സ്വകാര്യ സ്ഥാപനം ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചത്. കമ്പനി നിഖിത് ഷെട്ടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.