പിടിയിലായ നന്ദകുമാർ
കോഴിക്കോട് : ബെംഗളൂരുവിൽനിന്ന് റോഡ് മാർഗവും ട്രെയിനിലൂടേയും മയക്കുമരുന്ന് കടത്തി ചില്ലറവിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണിയായ യുവാവ് പിടിയിൽ. പയ്യാനക്കൽ സ്വദേശി വള്ളിയിൽ പറമ്പ് കളരിക്കൽ വീട്ടിൽ നന്ദകുമാർ (28) ആണ് പിടിയിലായത്. കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ എ.സി.പി. കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡും ഫറോക്ക് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ 100 ഗ്രാം എംഡിഎംഎ ഇയാളിൽനിന്നും കണ്ടെടുത്തു.
വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിൽനിന്ന് കാറിൽ മയക്കുമരുന്നുമായി ഇയാൾ കോഴിക്കോട് ഭാഗത്തേക്ക് വരുന്നതായുള്ള രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ശനിയാഴ്ച രാവിലെ ഫറോക്ക് കോളേജ് അടിവാരത്തുവെച്ച് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾ നേരത്തേ കോഴിക്കോട് ജില്ലയിലെ അടിപിടികേസുകളിലും പ്രതിയാണ്.
കോഴിക്കോട് നഗരത്തിൽ പരിശോധന കർശനമാക്കിയതിനെ തുടർന്ന്, മയക്കുമരുന്നു വിൽപ്പനക്കാർ ജില്ലാ അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുവെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നുവെന്ന് നാർക്കോട്ടിക്ക് സെൽ എ.സി.പി കെ.എ. ബോസ് പറഞ്ഞു. തുടർന്ന് അതിർത്തികളിലും പരിശോധന കർശനമാക്കി. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിൽ എത്തുന്ന മയക്കുമരുന്നിന്റെ ഉറവിടവും വിതരണക്കാരേയും കണ്ടെത്തുന്നതിനായി അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം അറിയിച്ചു.
