പ്രതീകാത്മക ചിത്രം

തിരുവനന്തപുരം ∙ പൊലീസില്‍ ജോലിസമ്മര്‍ദം കുറയ്ക്കാന്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്തുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നല്‍കിയ ഉറപ്പ് വെറുംവാക്കാകുന്നു. സിവില്‍ പൊലീസ് ഓഫിസര്‍ റാങ്ക് ലിസ്റ്റിന്റെ ഒരു വര്‍ഷ കാലാവധിയുടെ പകുതി എത്തിയിട്ടും ഒരു നിയമനം പോലും നടത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. പരീക്ഷയും അഭിമുഖവും ഉള്‍പ്പെടെ അഞ്ച് കടമ്പകള്‍ കടന്ന്, കാക്കിയിടാന്‍ കാത്തിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് സര്‍ക്കാര്‍ കനിയാനായി കാത്തിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പി.സി.വിഷ്ണുനാഥ് എംഎല്‍എയും ഇന്നലെ ഇക്കാര്യം സഭയുടെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തു.

‘‘പൊലീസില്‍ 87 പേര്‍ ആത്മഹത്യ ചെയ്ത കാര്യം പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടു വന്നപ്പോള്‍ ജോലി സമ്മര്‍ദം കുറയ്ക്കുമെന്നും വേക്കന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നിട്ട് ചെയ്‌തോ? സിവില്‍ പൊലീസ് ഓഫിസര്‍മാരുടെ റാങ്ക് ലിസ്റ്റ് വന്ന് 7 മാസമായിട്ടും ഒന്നാം റാങ്കുകാരന് പോലും നിയമനം നല്‍കിയിട്ടില്ല. എന്നിട്ടാണ് അടുത്ത ലിസ്റ്റിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയിരിക്കുന്നത്. പരീക്ഷയും അഭിമുഖവും ഉള്‍പ്പെടെ അഞ്ച് കടമ്പകള്‍ കടന്നാണ് ഉദ്യോഗാര്‍ഥികള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്. എന്നിട്ടും ഒന്നാം റാങ്കുകാരന് പോലും ജോലി നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ നിങ്ങള്‍ എന്ത് തൊഴിലാണ് നല്‍കുന്നത്?’’ – പ്രതിപക്ഷ നേതാവ് സഭയില്‍ പറഞ്ഞ വാക്കുകളാണിത്. കേരളീയവും നവകേരള സദസും ലോകകേരളസഭയും നടത്താന്‍ പണമുണ്ട്, ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ പണമുണ്ട്, അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കൊണ്ടുവരാന്‍ പണമുണ്ട്. എന്നിട്ടും റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ നിയമിക്കാന്‍ സര്‍ക്കാരിന്റെ കൈയില്‍ പണമില്ലെന്നാണു പറയുന്നതെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച് പി.സി.വിഷ്ണുനാഥും പറഞ്ഞു.

സിവില്‍ പൊലീസ് ഓഫിസര്‍ റാങ്ക് ലിസ്റ്റുകള്‍ പുറത്തുവന്ന് ആറു മാസം ആകാറായിട്ടും ഒരു നിയമനം പോലും നടന്നിട്ടില്ല എന്നാണ് ആക്ഷേപം. 6647 പേരാണ് നിയമനം പ്രതീക്ഷിച്ചിരിക്കുന്നത്. ഏഴു ബറ്റാലിയനുകളിലായി കഴിഞ്ഞ ഏപ്രില്‍ 15നു നിലവില്‍ വന്ന സിപിഒ റാങ്ക് ലിസ്റ്റുകള്‍ ഒക്ടോബര്‍ 15ന് 6 മാസം കാലാവധി പൂര്‍ത്തിയാക്കുകയാണ്. ഇതുവരെ ഈ തസ്തികയുടെ ഒരു പുതിയ ഒഴിവുപോലും റിപ്പോര്‍ട്ടു ചെയ്യാന്‍ പൊലീസ് വകുപ്പിനു കഴിഞ്ഞിട്ടില്ല. മുന്‍ ലിസ്റ്റിലെ നിയമന ശുപാര്‍ശയെ തുടര്‍ന്ന് ജോലിയില്‍ പ്രവേശിക്കാത്തവരുടെ എന്‍ജെഡി ഒഴിവുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മെയിന്‍ ലിസ്റ്റില്‍ 4725, സപ്ലിമെന്ററി ലിസ്റ്റില്‍ 1922 എന്നിങ്ങനെ 6647 പേരാണ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട് നിയമനം പ്രതീക്ഷിച്ച് കാത്തിരിക്കുന്നത്. ഒബ്ജക്ടീവ് പരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവ വിജയിച്ച് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഒഴിവു റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതില്‍ ആശങ്കയിലാണ്. പ്രായപരിധി അവസാനിച്ച പലരുടെയും അവസാന അവസരമാണ് ഇത്തവണത്തേത്. പുതിയ ഒരൊഴിവുപോലും റിപ്പോര്‍ട്ട് ചെയ്യാത്തത് ആശങ്കാജനകവും പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരോടുള്ള അവഹേളനവുമാണെന്ന് ഇവര്‍ പറയുന്നു.

സിവില്‍ പൊലീസ് ഓഫിസര്‍ റാങ്ക് ലിസ്റ്റിലേക്ക് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 43 എന്‍ജെഡി ഒഴിവുകള്‍ മാത്രമാണ്. ഇതില്‍ 40 ഒഴിവില്‍ നിയമന ശുപാര്‍ശ നല്‍കിയിട്ടുണ്ട്. തൃശൂര്‍ (കെഎപി2) ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത ഒരൊഴിവിലേക്കും തിരുവനന്തപുരത്ത് (എസ്എപി) റിപ്പോര്‍ട്ട് ചെയ്ത 2 ഒഴിവിലേക്കും വൈകാതെ നിയമന ശുപാര്‍ശ തയാറാകും. ഇതുവരെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് നിയമന ശുപാര്‍ശ ലഭിച്ചത് തൃശൂര്‍ ജില്ലയിലാണ് (16). കുറവ് ഇടുക്കി ജില്ലയില്‍ (2). കാസര്‍കോട് (കെഎപി 4) ജില്ലയില്‍ ഒരാള്‍ക്ക്‌ പോലും ഇതുവരെ ശുപാര്‍ശ ലഭിച്ചിട്ടില്ല. ഈ തസ്തികയുടെ മുന്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് 7 ബറ്റാലിയനുകളിലായി 4783 പേര്‍ക്ക് നിയമന ശുപാര്‍ശ ലഭിച്ചിരുന്നു.

പൊലീസ് സേനയുടെ അംഗബലം കൂട്ടുന്നതുമായി ബന്ധപ്പെട്ട ഡിജിപിയുടേത് ഉള്‍പ്പെടെ ധാരാളം ശുപാര്‍ശകള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. പല ഫയലുകളും ധനവകുപ്പ് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ മടക്കുകയാണ്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 1400ല്‍ അധികം ഒഴിവുകള്‍ നിലവിലുണ്ടെന്നാണ് വിവരം. ബറ്റാലിയനുകളില്‍ ജോലിചെയ്യുന്ന സിവില്‍ പൊലീസ് ഓഫിസര്‍മാരെ സ്റ്റേഷന്‍ ഡ്യൂട്ടിയിലേക്ക് നിയോഗിച്ചാല്‍ മാത്രമേ ഈ ഒഴിവുകള്‍ പിഎസ്​സിക്ക് റിപ്പോര്‍ട്ട് ചെയ്ത് നിയമനം നടത്താന്‍ കഴിയൂ. സിവില്‍ പൊലീസ് ഓഫിസര്‍ റാങ്ക് ലിസ്റ്റില്‍ ഇത്തരത്തില്‍ നിയമനം വൈകുന്നത് ചരിത്രത്തില്‍ ആദ്യമായാണെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.