ഓംപ്രകാശ്
കൊച്ചി : ഗുണ്ടാനേതാവ് ഓംപ്രകാശിന്റെ നേതൃത്വത്തിൽ ആഡംബര ഹോട്ടലിൽ നടന്ന ലഹരി പാർട്ടിയിൽ പങ്കെടുത്തവരെ വിളിച്ചുവരുത്തി മൊഴിയെടുക്കാനൊരുങ്ങി പോലീസ്. ഇവരുടെ ഫോൺകോൾ വിശദാംശങ്ങൾ ശേഖരിച്ചു വരുകയാണ്. ശാസ്ത്രീയ പരിശോധനകളുടെ ഫലം വന്ന ശേഷം താരങ്ങളെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ചൊവ്വാഴ്ച രാവിലെയോടെ പോലീസ് സംഘം ഹോട്ടലിലെത്തി സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഹോട്ടലിലെ ലിഫ്റ്റിലുള്ള ക്യാമറയിലാണ് സന്ദർശകരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുള്ളത്. അതോടൊപ്പം ഹോട്ടൽ റിസപ്ഷൻ, ഇടനാഴികൾ എന്നിവിടങ്ങളിലെ ദൃശ്യങ്ങളും എടുത്തിട്ടുണ്ട്.
ഓംപ്രകാശിനെ പിടികൂടിയതറിഞ്ഞ് നഗരത്തിലെ ചില ഗുണ്ടാസംഘങ്ങൾ മരട് പോലീസ് സ്റ്റേഷൻ പരിസരത്ത് എത്തിയതായി പോലീസിന് വിവരം കിട്ടിയിരുന്നു. ഈ ഗുണ്ടാസംഘങ്ങളെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. 20 പേരിൽ എല്ലാവരെയും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ അതിനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.
ഹോട്ടലിൽ നടൻ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാർട്ടിനുമെത്തിയതായി പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇവർക്കുപുറമേ ഇവിടെയെത്തിയ 18 പേരുടെ വിവരങ്ങളും ശേഖരിച്ചു. മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്താൻ ഓംപ്രകാശിന്റെയും ഷിഹാസിന്റെയും മുടിയും നഖവും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഞായറാഴ്ചയാണ് മരടിലെ ഹോട്ടലിൽനിന്ന് ഓംപ്രകാശിനെ (44) യും കൂട്ടാളി ഷിഹാസിനെ (54) യും പോലീസ് പിടികൂടിയത്. ലഹരിപ്പാർട്ടി നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഷിഹാസിന്റെ മുറിയിൽനിന്ന് നാല് ലിറ്റർ വിദേശമദ്യവും കൊക്കെയ്ൻ സാന്നിധ്യമുള്ള സിപ്പ് ലോക്ക് കവറും കണ്ടെത്തിയിരുന്നു.
വിദേശത്തുനിന്ന് കൊക്കെയ്ൻ എത്തിച്ച് വിവിധ ജില്ലകളിലെ ഡി.ജെ. പാർട്ടികളിൽ വിതരണം ചെയ്തുവരുകയായിരുന്നു ഓംപ്രകാശും ഷിഹാസും. ഇവർ ബുക്ക് ചെയ്ത മുറിയും സമീപത്തെ രണ്ടു മുറികളും പോലീസ് വിശദമായി പരിശോധിച്ചു. ഹോട്ടലിലെ സി.സി.ടി.വി.യിൽനിന്നാണ് താരങ്ങളുടെ ദൃശ്യങ്ങൾ ലഭിച്ചത്.
