പ്രധാനമന്ത്രി നരേന്ദ്രമോദി ഹരിയാണ മുഖ്യമന്ത്രി നായബ് സിങ് സെയ്‌നി| ഫോട്ടോ: എ.എൻ.ഐ
എന്നും കോണ്‍ഗ്രസിന് വളക്കൂറുള്ള മണ്ണായിരുന്നു ഹരിയാണ. 1967 മുതലുള്ള ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ പലതവണ അധികാരത്തിലേറി. രാഷ്ട്രീയക്കളികളും കൂറുമാറലും കുറുമുന്നണികളും പലതവണ വിലങ്ങുതടിയായപ്പോഴും കോണ്‍ഗ്രസിന് എന്നും തങ്ങളുടേതായ സ്ഥാനമുണ്ടായിരുന്നു. ഇവിടേക്കായിരുന്നു 2014 മുതല്‍ ബി.ജെ.പിയുടെ കടന്നുകയറ്റം. 2009 ല്‍ ആകെ നാല് സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി 2014 ല്‍ എന്‍.ഡി.എ യുടെ നേതൃത്വത്തില്‍ 47 സീറ്റുമായി അധികാരത്തിലേറിയപ്പോഴും ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ, 2019 ല്‍ ബി.ജെ.പി വീണ്ടും അധികാരം നിലനിര്‍ത്തി. എന്നാല്‍ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം അവരുടെ മുന്നേറ്റത്തിന് തടയിട്ടുവെന്ന് കരുതിയിരുന്നുവെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തോടെ ഇതേ ബി.ജെ.പി ഒറ്റയ്ക്ക് നടത്തിയ കുതിപ്പിന് കൂടിയാണ് ഹരിയാണ സാക്ഷിയായിരിക്കുന്നത്. അങ്ങനെ 1967, 68, 72 കാലത്തെ കോണ്‍ഗ്രസ് ഭരണത്തിന് ശേഷം ഹാട്രിക് ഭരണം നേടുന്നവരായി ബി.ജെപി. മാറുകയും ചെയ്തു.
ഹരിയാണയില്‍ പത്തുവര്‍ഷത്തിലേറെയായി അധികാരത്തിലിരുന്നതിന്റെ ആത്മവിശ്വാസവുമായാണ് ബി.ജെ.പി 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. പക്ഷേ, ജനരോഷത്തില്‍ കണക്കുകൂട്ടലുകള്‍ പാളുകയായിരുന്നു. 2019 ല്‍ പത്തില്‍ പത്തും ജയിച്ച ബി.ജെ.പി 2024 ആവുമ്പോഴേക്കും അഞ്ചിലൊതുങ്ങി. ഹരിയാണയിലെ നിര്‍ണായക വോട്ടുബാങ്കായ ജാട്ടുകള്‍ കോണ്‍ഗ്രസിന് നല്‍കിയ പിന്തുണയായിരുന്നു ഇതിന് കാരണം. ഇത് നിയമസഭയിലും ആവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടിയിരുന്നെങ്കിലും അതുണ്ടായില്ല എന്നുവേണം അനുമാനിക്കാൻ. ഇതിന് പുറമെ കര്‍ഷക സമരത്തിനെതിരേ കേന്ദ്രവും ഹരിയാണയിലെ ബിജെപി നേതൃത്വവും സ്വീകരിച്ച നിലപാടും അഗ്നിവീര്‍ പദ്ധതിയോടുള്ള എതിര്‍പ്പും ഗുസ്തി താരങ്ങളുടെ സമരവുമെല്ലാം അുനകൂലമാക്കുമെന്നാണ് കോണ്‍ഗ്രസ് കരുതിയതെങ്കില്‍ ഇതൊന്നും നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിച്ചില്ല എന്നാണ് ബി.ജെ.പിയുടെ ഈ ഹാട്രിക് വിജയം പറഞ്ഞുവെക്കുന്നത്. ഇതിനൊപ്പമായിരുന്നു വിമത ശല്യവും ചെറുപാര്‍ട്ടികളുടെ സ്വാധീനവും. പക്ഷേ, ഇതിനെയെല്ലാം മറികടന്ന് ഒറ്റയ്ക്കുള്ള കുതിപ്പ് നടത്താനായത് ബി.ജെ.പിക്ക് അവരെ സംബന്ധിച്ചിടത്തോളം വിജയത്തിന്റെ മാധുര്യമേറ്റിയിട്ടുമുണ്ട്.
ഹരിയാണയില്‍ ഭരണവിരുദ്ധ വികാരം അലയിടിച്ചിരുന്നു എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ തലത്തിലുള്ള വിഷയങ്ങള്‍ പരിഹരിക്കാന്‍ സംവരണം മുതല്‍ ഇങ്ങോട്ട് നിരവധി പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി നയാബ് സൈനി മുന്നോട്ടുവെച്ചിരുന്നത്. പക്ഷേ, ഇവയൊന്നും കാര്യമായ സ്വാധീനമുണ്ടാക്കുന്നതായിരുന്നില്ല. മാത്രമല്ല, ഭരണവിരുദ്ധവികാരത്തെ മറികടക്കാന്‍ എന്ത് തന്ത്രം പയറ്റണമെന്ന് ആലോചിച്ചിരിക്കുന്ന ഒരു ക്യാമ്പിലേക്ക് ഉള്‍പാര്‍ട്ടി പോര് കൂടെ കടന്നുവരികയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതല്‍ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുടെ പരമ്പരയായിരുന്നു. പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയവരും പാര്‍ട്ടി നേരിട്ട് പുറത്താക്കിയവരും നിരവധി. ചില മന്ത്രിമാര്‍ക്കും സിറ്റിങ് എം.എല്‍.എ.മാര്‍ക്കും സീറ്റ് നിഷേധിച്ചതോടെ പ്രശ്‌നം ഗുരുതരമായി. ചിലര്‍, വിമതരായി. മറ്റു ചിലരാകട്ടെ, കോണ്‍ഗ്രസിലേക്കും ആം ആദ്മി പാർട്ടിയിലേക്കും ചേക്കേറി. എന്നിട്ടും ബി.ജെ.പിക്ക് തിരിച്ചുവരനായി എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ ഹൈലൈറ്റ്.
