കേരള നിയമസഭാ

തിരുവനന്തപുരം : നിയമസഭയിൽ സ്പീക്കറുടെ ഡയസിൽ കയറി എം.എൽ.എമാർ പ്രതിഷേധിച്ച സംഭവത്തിൽ നാല് പ്രതിപക്ഷ എം.എൽ.എമാരെ താക്കീത് ചെയ്തു. മാത്യു കുഴൽനാടൻ, ഐ.സി ബാലകൃഷ്ണൻ, അൻവർ സാദത്ത്, സജീവ് ജോസഫ് എന്നിവരെയാണ് സ്പീക്കർ താക്കീത് ചെയ്തത്. നടപടി ആവശ്യപ്പെട്ട് മന്ത്രി എം.ബി രാജേഷ് പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെയാണ് താക്കീത്.

പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ പ്രമേയം അവതരിപ്പിച്ച പാർലമെൻററി കാര്യവകുപ്പ് മന്ത്രി എംബി രാജേഷ് സ്പീക്കർക്കെതിരായ പ്രതിഷേധം ചട്ടവിരുദ്ധവും മര്യാദയുടെ ലംഘനവുമാണെന്നും ആരോപിച്ചു. നാല് എംഎൽഎമാർക്കെതിരെ നടപടിയും ആവശ്യപ്പെട്ടിരുന്നു. ഇത് അം​ഗീകരിച്ചാണ് എം.എൽഎ മാരെ താക്കീത് ചെയ്തത്.

അതേസമയം മന്ത്രിയുടെ പ്രമേയത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രം​ഗത്തെത്തി. ആദ്യമായി അല്ല സഭയിൽ ഇത്തരം സംഭവമുണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഡയസിൽ കയറി പ്രതിഷേധിച്ച എംഎൽഎമാരെ തള്ളിപ്പറയാൻ പ്രതിപക്ഷ നേതാവ് തയ്യാറാകാത്തത് ദൗർഭാഗ്യകരമാണെന്നും അടിയന്തര പ്രമേയം ചർച്ചയിൽ നിന്നും ഒളിച്ചോടാനാണ് പ്രതിഷേധം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.അടിയന്തര പ്രമേയ ചർച്ച അംഗീകരിച്ചിട്ടും എന്തിനാണ് പ്രതിപക്ഷം പ്രതിഷേധിച്ചത് എന്ന് മുഖ്യമന്ത്രി ചോദിച്ചു.