വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ (ബിസിസിഐ പങ്കുവച്ച ചിത്രം)

ഗ്വാളിയർ (മധ്യപ്രദേശ്) ∙ രോഹിത് ശർമയും വിരാട് കോലിയും കളി നിർത്തിയെങ്കിലും ട്വന്റി20യിൽ തൽക്കാലം ഇന്ത്യക്ക് ആശങ്കപ്പെടാൻ ഒന്നുമില്ല. സംശയമുള്ളവർക്ക് ബംഗ്ലദേശിനെതിരെ ഗ്വാളിയറിൽ നടന്ന ഒന്നാം ട്വന്റി20 മത്സരത്തിന്റെ ഹൈലൈറ്റ്സ് കണ്ടുനോക്കാം. ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യയുടെ സമ്പൂർണാധിപത്യം കണ്ട ആവേശപ്പോരാട്ടത്തിൽ ബംഗ്ലദേശിനെ വീഴ്ത്തിയത് ഏഴു വിക്കറ്റിന്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് 19.5 ഓവറിൽ 127 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 49 പന്തു ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി.

ഓപ്പണറായെത്തിയ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ ബാറ്റെടുത്തവരെല്ലാം തിളങ്ങിയതോടെയാണ് ഇന്ത്യ അനായാസം വിജയം പിടിച്ചെടുത്തത്. 16 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 39 റൺസുമായി പുറത്താകാതെ നിന്ന ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. തകർപ്പൻ ഷോട്ടുകളുമായി കളംനിറഞ്ഞ സഞ്ജു 19 പന്തിൽ ആറു ഫോറുകളോടെ 29 റൺസെടുത്ത് പുറത്തായി.

ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 14 പന്തിൽ രണ്ടു ഫോറും മൂന്നു സിക്സും സഹിതം 29 റൺസെടുത്ത് ബംഗ്ലദേശിനെ ചിത്രത്തിൽനിന്ന് പൂർണമായും പുറത്താക്കി. സഞ്ജുവിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്ത അഭിഷേക് ശർമ ഏഴു പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 16 റൺസെടുത്തു. അഭിഷേക് സഞ്ജുവുമായുള്ള ധാരണപ്പിശകിൽ നിർഭാഗ്യകരമായ രീതിയിൽ റണ്ണൗട്ടായി. അരങ്ങേറ്റ മത്സരം കളിച്ച നിതീഷ് റെഡ്ഡി 15 പന്തിൽ ഒരു സിക്സിന്റെ അകമ്പടിയോടെ 16 റൺസുമായി പാണ്ഡ്യയ്ക്കൊപ്പം പുറത്താകാതെ നിന്നു.

പാണ്ഡ്യ – റെഡ്ഡി സഖ്യം 24 പന്തിൽ 52 റൺസ് കൂട്ടിച്ചേർത്താണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ബംഗ്ലദേശിനായി മുസ്താഫിസുർ റഹ്മാൻ, മെഹ്ദി ഹസൻ മിറാസ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

32 പന്തിൽ മൂന്നു ഫോറുകൾ സഹിതം 35 റൺസെടുത്ത മെഹ്ദി ഹസൻ മിറാസാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോ 25 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 27 റൺസെടുത്ത് പുറത്തായി. ഇവർക്കു പുറമേ ബംഗ്ലദേശ് നിരയിൽ രണ്ടക്കം കണ്ടത് തൗവീദ് ഹ്രിദോയ് (18 പന്തിൽ 12), റിഷാദ് ഹുസൈൻ (അഞ്ച് പന്തിൽ 11), ടസ്കിൻ അഹമ്മദ് (13 പന്തിൽ 12) എന്നിവർ മാത്രം. ഓപ്പണർമാരായ പർവേസ് ഹുസൈൻ ഇമോൻ (9 പന്തിൽ 8), ലിട്ടൻ ദാസ് (2 പന്തിൽ 4), മഹ്മൂദുല്ല (2 പന്തിൽ 1), ജാകർ അലി (6 പന്തിൽ 8), ഷോറിഫുൽ ഇസ്‍ലാം (0), മുസ്താഫിസുർ റഹ്മാൻ (1) എന്നിവർ നിരാശപ്പെടുത്തി.

3.5 ഓവറിൽ 14 റണ്‍സ് വഴങ്ങിയാണ് അർഷ്ദീപ് മൂന്നു വിക്കറ്റെടുത്തത്. നാല് ഓവറിൽ 31 റൺസ് വഴങ്ങിയാണ് വരുൺ ചക്രവർത്തി മൂന്നു വിക്കറ്റ് വീഴ്ത്തിയത്. അരങ്ങേറ്റ മത്സരം കളിച്ച മയാങ്ക് യാദവ് നാല് ഓവറിൽ 21 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. വാഷിങ്ടൻ സുന്ദർ രണ്ട് ഓവറിൽ 12 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു. മറ്റൊരു അരങ്ങേറ്റ താരം നിതീഷ് റെഡ്ഡി രണ്ട് ഓവറിൽ 17 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവർ മെയ്ഡനാക്കിയാണ് മയാങ്ക് യാദവ് ബോളിങ്ങിന് തുടക്കമിട്ടത്. അജിത് അഗാർക്കർ (2006ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജൊഹാനാസ്ബർഗിൽ), അർഷ്ദീപ് സിങ് (2022ൽ ഇംഗ്ലണ്ടിനെതിരെ സതാംപ്ടണിൽ) എന്നിവർക്കു ശേഷം രാജ്യാന്തര ട്വന്റി20യിൽ അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവർ മെയ്ഡനാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് മയാങ്ക്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ രണ്ട് യുവതാരങ്ങൾ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. മയാങ്ക് യാദവ്, നിതീഷ് റെഡ്ഡി എന്നിവർക്കാണ് അരങ്ങേറ്റത്തിന് അവസരം ലഭിച്ചത്. ഇതിനു മുൻപ് 23 വയസ്സിനു താഴെയുള്ള രണ്ട് താരങ്ങൾ ഇന്ത്യൻ ജഴ്സിയിൽ ഒരേ മത്സരത്തിൽ അരങ്ങേറ്റം കുറിച്ചത് 2016ലാണ്. അന്ന് ഓസ്ട്രേലിയയ്‌ക്കെതിരെ അഡ്‌ലെയ്ഡിൽ ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ എന്നിവരാണ് അരങ്ങേറിയത്.