മുംതാസ് അലി, നദിയിൽ തിരച്ചിൽ നടത്തുന്നു | photo: facebook/mumtaz ali, screengrab/ani

മം​ഗളൂരു : പ്രമുഖ വ്യവസായി മുംതാസ് അലിയെ കർണാടകയിൽ കാണാതായി. മുംതാസ് അലിയുടെ ബിഎംഡബ്ല്യൂ കാർ തകർന്ന നിലയിൽ മം​ഗളൂരുവിന് സമീപം കുളൂർ പാലത്തിന് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മുംതാസ് അലിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.

ജനതാദൾ (സെക്യുലർ) നേതാവ് ബി.എം ഫറൂഖിൻ്റേയും മുൻ കോൺ​ഗ്രസ് എം.എൽ.എ മൊഹിയുദ്ദീൻ ബാവയുടേയും സഹോദരനാണ് കാണാതായ മുംതാസ് അലി. ഞായറാഴ്ച പുലർച്ചയോടെയാണ് അദ്ദേഹത്തിനെ കാണാതായത്. സംഭവത്തിൽ പോലീസ് വിശദമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

‘പ്രാഥമിക വിവരമനുസരിച്ച് പുലർച്ചെ മൂന്ന് മണിയോടെ വീട്ടിൽ നിന്ന് കാറിൽ പുറപ്പെട്ട മുംതാസ് അലി ന​ഗരത്തിൽ ചുറ്റിത്തിരിയുകയായിരുന്നു. പുലർച്ചെ അഞ്ച് മണിയോടെ മംഗളൂരുവിലെ കുളൂർ പാലത്തിന് സമീപം കാർ നിർത്തി. പിന്നീട് വിവരമൊന്നുമില്ല. കാ‍ർ അപകടത്തിൽപ്പെട്ടതായി മനസ്സിലാക്കിയ അദ്ദേഹത്തിൻ്റെ മകളാണ് പോലീസിൽ വിവരമറിയിച്ചത്’, മംഗളൂരു പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.

മുംതാസ് അലി പാലത്തിൽ നിന്ന് നദിയിലേയ്ക്ക് ചാടിയതാവാം എന്ന സാധ്യതയും കമ്മീഷണർ പങ്കുവെച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയും കോസ്റ്റ് ​ഗാർഡും നദിയിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.