പിടിയിലായ നാടോടി സ്ത്രീകൾ
മാറനല്ലൂര്‍ : ബസില്‍നിന്ന് ഇറങ്ങവേ സ്ത്രീയുടെ രണ്ട് പവനോളം തൂക്കംവരുന്ന മാല പൊട്ടിച്ചെടുത്തശേഷം കടന്നുകളഞ്ഞ നാടോടി സ്ത്രീകള്‍ പിടിയില്‍. കോട്ടമുകളില്‍ വാടകയ്ക്ക് താമസിക്കുന്ന ശോഭയുടെ മാലയാണ് തമിഴ്നാട് സ്വദേശികളായ മൂന്ന് സ്ത്രീകള്‍ പൊട്ടിച്ചെടുത്തത്. കോയമ്പത്തൂര്‍ പൊള്ളാച്ചി കൊല്ലക്കപാളയം കുറവൂര്‍ കോളനിയില്‍ താമസക്കാരായ അംബിക(41), അമൃത(40), ഹരണി(40) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം.
കാട്ടാക്കടനിന്ന് പൂവാര്‍ ബസില്‍ കയറിയ ശോഭ കോട്ടമുകളില്‍ ഇറങ്ങാന്‍ശ്രമിക്കവേ തിരക്കുണ്ടാക്കി ശോഭയുടെ തലയില്‍ ഷാള്‍കൊണ്ട് മൂടുകയായിരുന്നു. ബസില്‍നിന്ന് ഇറങ്ങിയ ശോഭയ്ക്ക് പന്തികേടുതോന്നിയതുകാരണം ഉടന്‍തന്നെ കഴുത്തില്‍ തപ്പിനോക്കുമ്പോള്‍ മാല നഷ്ടപ്പെട്ടതായി മനസിലായി. ഇതിനിടയില്‍ ബസ് നെയ്യാറ്റിന്‍കര ഭാഗത്തേക്കു പോകുകയും ചെയ്തു. ഉടന്‍തന്നെ ശോഭ കോട്ടമുകളില്‍നിന്ന് ഓട്ടോ വിളിച്ച് ബസിനെ പിന്തുടര്‍ന്നു. മണ്ണടിക്കോണത്തുവെച്ച് മൂന്ന് സ്ത്രീകള്‍ ബസില്‍നിന്ന് ഇറങ്ങിയെന്ന് ബസ് ജീവനക്കാര്‍ വിവരം നല്‍കി. മണ്ണടിക്കോണത്തെത്തിയ ശോഭ അന്വേഷിച്ചപ്പോള്‍ മൂന്ന് സ്ത്രീകള്‍ ഓട്ടോയില്‍ കയറി പോകുന്നത് കണ്ടതായി നാട്ടുകാര്‍ വിവരം നല്‍കി.
തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ ബാലരാമപുരം തലയല്‍ ക്ഷേത്രത്തിനുസമീപം ഓട്ടോയെത്തിയതായി വിവരം ലഭിച്ചു. അവിടെനിന്ന് ഓട്ടോഡ്രൈവറെ ബന്ധപ്പെടുകയും നാട്ടുകാരുടെ സഹായത്തോടെ മോഷ്ടാക്കളെ തടഞ്ഞുവയ്ക്കുകയുമായിരുന്നു. മാറനല്ലൂര്‍ പോലീസില്‍ വിവരമറിയച്ചതനുസരിച്ച് എസ്.എച്ച്.ഒ. ഷിബുവിന്റെ നേതൃത്വത്തില്‍ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരില്‍നിന്ന് മാല പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
