വിമാനത്തിന് തീപിടിച്ചപ്പോൾ, അ​ഗ്നിശമനസേന തീ അണക്കുന്നു | Photo:’X’ @fl360aero

റോം : യാത്രക്കാരുമായി പറന്നുയരുന്നതിനിടെ വിമാനത്തിന് തീപിടിച്ചു. തെക്കൻ ഇറ്റലിയിലെ ബ്രിൻഡിസി എയർപോട്ടിൽ വ്യാഴാഴ്ചയാണ് സംഭവം. വിമാനത്തിന്റെ ചിറകിന് തീപിടിച്ചത് ക്യാബിൻ ക്രൂവിന്റെയും യാത്രക്കാരുടെയും ശ്രദ്ധയിൽപ്പെട്ടതോടെ അടിയന്തര നടപടി സ്വീകരിച്ചതിനാൽ വൻ അപകടം ഒഴിവായി. ഉടൻതന്നെ യാത്രക്കാരെയും ജീവനക്കാരെയും വിമാനത്തിന് പുറത്തെത്തിച്ചു. 184 യാത്രക്കാരും 6 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടയിരുന്നത്.

ബ്രിൻഡിസിയിൽ നിന്ന് ടൂറിനിലേക്കുള്ള റയാൻഎയർ ബോയിങ് 737-8AS FR8826 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെ വലത് എഞ്ചിനിൽ നിന്ന് തീജ്വാലകൾ ഉയരുകയായിരുന്നു. അപകടത്തെതുടർന്ന് ബ്രിൻഡിസി വിമാനത്തതാവളം താത്കാലികമായി അടച്ചിട്ടു. അ​ഗ്നിശമനസേന തീ അണക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ആളാപയമോ പരിക്കുകളോ സംഭവിച്ചിട്ടില്ലെന്നും പുലർച്ചെയോടെ വിമാനത്താവളം വീണ്ടും തുറന്നതായും അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.