പിടിയിലായ പ്രതികൾ
ആറ്റിങ്ങൽ (തിരുവനന്തപുരം) : സ്വകാര്യബസ് വഴിയിൽ തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടയ്‌ക്കോട് ഊരുപൊയ്ക ആലയിൽമുക്ക് കട്ടയിൽക്കോണം മഠത്തിൽഭഗവതീക്ഷേത്രത്തിന് സമീപം മേലേക്കാട്ടുവിളവീട്ടിൽ ബി.ദീപു (കണ്ണൻ-30), ഊരുപൊയ്ക പരുത്തി ക്ഷേത്രത്തിന് സമീപം പ്ലാവിളവീട്ടിൽ ആർ.രാജീവ് (37), ഊരുപൊയ്ക പരുത്തിക്ഷേത്രത്തിന് സമീപം പി.എൽ.വി.ഹൗസിൽ ബി.ബാലു (34) എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച വൈകീട്ട് 6.15 ന് അവനവഞ്ചേരി ടോൾമുക്കിലാണ് സംഭവം. ശ്രീഭദ്ര ബസിന്റെ ഡ്രൈവർക്കാണ് മർദനമേറ്റത്. ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുത്തില്ലെന്നാരോപിച്ചായിരുന്നു പ്രതികൾ ആക്രമണം നടത്തിയത്. ആളെക്കയറ്റാനായി ബസ് നിർത്തിയപ്പോൾ ഓട്ടോറിക്ഷ ബസിനു മുന്നിൽ നിർത്തിയിട്ട് വഴിതടഞ്ഞശേഷം ബസിനുള്ളിൽക്കയറി ഡ്രൈവറെ പിടിച്ചിറക്കി മർദിക്കുകയായിരുന്നു.
ആറ്റിങ്ങൽ ഇൻസ്‌പെക്ടർ ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ സജിത്ത്, ജിഷ്ണു, സുനിൽ, എ.എസ്.ഐ. ഷാജഹാൻ, എസ്.സി.പി.ഒ.മാരായ നിധിൻ, വിനു, ശരത് കുമാർ, സന്തോഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
