പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്തെ നടുക്കി 2000 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് വേട്ട. 560 കിലോ കൊക്കെയിനാണ് ചൊവ്വാഴ്ച പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് നാല് യുവാക്കളെ തെക്കൻ ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തതായി ഡല്‍ഹി പോലീസ് അറിയിച്ചു.

അന്താരാഷ്ട്ര സംഘമാണ് മയക്കുമരുന്നു കടത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. ഡൽഹി പോലീസിൻ്റെ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു.

മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് ഡല്‍ഹി തിലക് നഗറില്‍ നിന്ന് ഞായറാഴ്ച രണ്ട് അഫ്ഗാന്‍ സ്വദേശികളെ അറസ്റ്റ് ചെയ്തിരുന്നു. 400 ഗ്രാം ഹെറോയ്​നും 160 ഗ്രാം കൊക്കെയ്​നുമാണ് ഇവരില്‍ നിന്ന് പിടികൂടിയത്. അന്നേ ദിവസം 24 കോടി മൂല്യമുള്ള 1660 ഗ്രാം കൊക്കെയിന്‍ ഇന്ദിരാഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരനില്‍ നിന്ന് ഡല്‍ഹി കസ്റ്റംസ് പിടികൂടിയിരുന്നു. ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന ലൈബീരിയ സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് കസ്റ്റംസ് മയക്കുമരുന്ന് പിടികൂടിയത്.